നികുതിയടയ്ക്കാത്ത സൂപ്പര്‍ സ്റ്റാറുകള്‍; സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി
കൊച്ചി: നികുതിവെട്ടിപ്പ് നടത്തുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണയുമായി ജി.എസ്.ടി വകുപ്പ്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നികുതി വെട്ടിപ്പില്‍ നടപടിയെടുക്കാതെ മെല്ലെ പോക്ക്.
സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കോടിക്കണക്കിന് രൂപയാണ് നികുതി അടയ്ക്കാനുള്ളത്.
2.10 കോടി നികുതി അടക്കേണ്ട സ്ഥാനത്ത് ആസഫലി അടച്ചത് 1 കോടി. 1.10 കോടി ആസിഫലി നികുതി അടയ്ക്കാനുണ്ട്. 50 ലക്ഷം നികുതി അടയ്‌ക്കേണ്ട സിദ്ദിഖ് അടച്ചത് 15 ലക്ഷം.
30 ലക്ഷം നികുതി അടയ്‌ക്കേണ്ട സണ്ണി വെയ്ന്‍ അടച്ചത് 4 ലക്ഷം. 50 ലക്ഷം നികുതി അടയ്‌ക്കേണ്ട ഷെയ്ന്‍ നിഗം ഒരു രൂപ പോലും അടച്ചില്ല 25 ലക്ഷം നികുതി അടയ്‌ക്കേണ്ട നിമിഷ സജയന്‍ അടച്ചത് 6 ലക്ഷം. 30 ലക്ഷം നികുതി അടയ്‌ക്കേണ്ട നടി അപര്‍ണ ബാലമുരളി അടച്ചത് 10 ലക്ഷം.
നികുതി വകുപ്പ് അന്വേഷണം തുടങ്ങിയ 6 നടീ നടന്‍മാരുടേയും കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നികുതിയും പിഴയും ഇനിയും ഈടാക്കിയിട്ടില്ല.
ആസിഫലിയുടെ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ട് 2 വര്‍ഷം പിന്നിട്ടു. അന്തിമ തീരുമാനം ഇനിയും വന്നിട്ടില്ല. ഇതുപോലെ തന്നെയാണ് മറ്റ് താരങ്ങളുടെ കേസുകളിലും സംഭവിച്ചത്. ഇത് അടിവരയിടുന്നത് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും നികുതി വെട്ടിപ്പുകാരായ സിനിമാ താരങ്ങളും തമ്മില്‍ ഒരു അവിശുദ്ധ കൂട്ട് കെട്ടില്‍ എത്തി ചേര്‍ന്നു എന്നാണ്.
സിനിമാ താരങ്ങള്‍ ക്കെതിരെയുള്ള 90% കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഭരണാനുകൂല ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവായ ഇദ്ദേഹമായിരുന്നു സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും കേസുകള്‍ പലതും ഒത്ത് തീര്‍പ്പിലാക്കിയെന്നും വകുപ്പില്‍ സംസാരമുണ്ട്.
അന്വേഷണത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് സംഘടനയുടെ സാംസ്‌കാരിക കലാമേളകള്‍ സംഘടിപ്പിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജി.എസ്.ടി നടപ്പിലാക്കുന്നതിന് മുമ്പ് സേവന നികുതി ഈടക്കുന്നത് കേന്ദ്ര സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമായിരുന്നു.
പരോക്ഷ നികുതി ഘടനയില്‍ ചരക്കിനേക്കാള്‍ കൂടുതല്‍ പരോക്ഷ നികുതി വരുമാനം നേടി കൊടുത്തിരുന്നതും സേവന മേഖലയില്‍ നിന്നാണ്. എന്നാല്‍ ജി.എസ്.ടി വന്നതോടു കൂടി സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിച്ചെടുക്കുന്ന രീതിയില്‍ നികുതി ഘടന പരിഷ്‌കരിച്ചു. സേവന നികുതി കൃത്യമായി പിരിച്ചെടുക്കുന്നതില്‍ കേരളം വലിയ വീഴ്ച വരുത്തിയത്.സേവന മേഖലയില്‍ വന്‍ നികുതി ചോര്‍ച്ചയാണ് സംഭവിച്ചത്.
പ്രത്യേകിച്ചും പ്രൊഫണല്‍ സര്‍വ്വീസ് മേഖലയില്‍ സിനിമാ താരങ്ങള്‍, സംഗീതജ്ഞര്‍, പാട്ടുകാര്‍, ഡാന്‍സേഴ്‌സ്, മോഡലുകള്‍, ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസ് അക്കൗണ്ട് കോഡ് 999631 പ്രകാരം തങ്ങളുടെ പ്രതിഫലത്തിന്റെ 18% നികുതി അടക്കണം. എന്നാല്‍, കേരളത്തിലെ സിനിമാ താരങ്ങള്‍ വന്‍തോതില്‍ നികുതി വെട്ടിക്കുന്നു. പലരും നികുതി വലയ്ക്ക് പുറത്താണ് . ഇത് സംബന്ധിച്ച് സംസ്ഥാന നികുതി വകുപ്പ് കാര്യമായ യാതൊരു വിധ അന്വേഷണവും നാളിത് വരെ നടത്തിയിട്ടില്ല.
കേരളത്തിലെ ഒന്നാം നിര താരങ്ങളുടേയും സംവിധായകരുടേയും സംഗീതജ്ഞരുടേയും ജി.എസ്.ടി കണക്കുകള്‍ പരിശോധിക്കുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ധനമന്ത്രി രേഖാമൂലം നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. എം.കെ. മുനീര്‍, സി.ആര്‍. മഹേഷ് എന്നിവരുടെ ചേദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈ വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ച് എംഎല്‍എമാര്‍ ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്ന മുട്ടാ പോക്ക് മറുപടിയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കഴിഞ്ഞ നിയസഭാ സമ്മേളനത്തില്‍ നല്‍കിയത്.
സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണഖനിയാണ്. ആരെ പിടിക്കണം ഏങ്ങനെ പിടിക്കണം, കേസുകള്‍ ഏങ്ങനെ ഒത്ത് തീര്‍പ്പാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജി.എസ്.ടി ഇന്റലിജന്‍സിന്റെ തലപ്പത്ത് ഇരിക്കുന്ന ഉന്നത ഉദ്യോഗസ്ഥനും സംഘടനാ നേതാക്കളുമാണ്. ഇടപ്പള്ളിയിലെ ലുലുവിന്റെ മാരിയറ്റ് ഹോട്ടലില്‍ ആഴ്ചകളോളം നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ താമസിച്ചെന്നും ആക്ഷേപമുണ്ട്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുവാനുള്ള ചങ്കൂറ്റം ഇത്തരക്കാര്‍ കാണിക്കുമ്പോള്‍ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പ്രവര്‍ത്തനം ഏങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാക്കുന്നു.