• എം.എസ്. സനില്‍കുമാര്‍

500 ഓളം ജീവനക്കാര്‍, 125 പേര്‍ വിരമിച്ചവര്‍, 1980 കളില്‍ സ്ഥാപിതമായ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കഥയാണ് പറയാന്‍ പോകുന്നത്. കേവലം 25000 രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് 1000 കോടി രൂപയിലേറെ ആസ്തിയുണ്ട്. ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ബോര്‍ഡിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥയാണ് പരിതാപകരം.

ബോര്‍ഡിനെ ഇന്ന് കാണുന്ന ആസ്തിയിലേക്കും മൂല്യത്തിലേക്കും വളര്‍ത്തിയെടുക്കാന്‍ അത്യധ്വാനം ചെയ്ത ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ല എന്നുള്ളതാണ് വിചിത്രമായ സംഗതി. കെ. കരുണാകരന്‍ മുഖ്യമന്ത്രി കടവൂര്‍ ശിവദാസന്‍ തൊഴില്‍ മന്ത്രിയുമായിരുന്നപ്പോള്‍ തുടങ്ങിയ രണ്ട് ക്ഷേമ പദ്ധതികളാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡും മോട്ടോര്‍ തൊഴിലാളി ബോര്‍ഡും.

മോട്ടോര്‍ തൊഴിലാളി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ആ ബോര്‍ഡ് തയ്യാറായി. എന്നാല്‍, ചുമട്ടു തൊഴിലാളി ബോര്‍ഡ് അക്കാര്യത്തില്‍ നിരുത്തരവാദ പരമായ നിലപാടാണ് സ്വീകരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പി.കെ. ഗുരുദാസന്‍ തൊഴില്‍ മന്ത്രിയുമായിരിക്കെ ചുമട്ടു തൊഴിലാളി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ തുക തൊഴിലാളികള്‍ക്കുള്ളതാണെന്നും അത് ജീവനക്കാര്‍ക്ക് നല്‍കാനുള്ളതല്ലെന്നുമുള്ള കള്ളം പ്രചരിപ്പിച്ച് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യുന്നതിന് വേണ്ടി പിന്‍സീറ്റില്‍ കളി നടക്കുകയായിരുന്നു.

ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി സമാഹരിച്ച പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമ വിഹിതവും പെന്‍ഷന്‍ ഫണ്ടിലേക്കുവേണ്ടി സമാഹരിച്ച തുകയും ഉള്‍പ്പെടെ 62 കോടി രൂപ പെന്‍ഷനുവേണ്ടി ഉപയോഗിക്കുന്നതിനായി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ പലിശ മാത്രം ഏഴ് ശതമാനം നിരക്കിലാണെങ്കിലും വര്‍ഷം തോറും 3.29 കോടി ലഭിക്കും. ഒരുവര്‍ഷം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 2.35 കോടി രൂപ മാത്രം മതി.

ഓരോ വര്‍ഷവും ഈ ഫണ്ടിലേക്ക് സമാഹരിക്കുന്ന തുക കൂടി കണക്കാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഒരു സാമ്പത്തിക പ്രയാസവും ഇല്ല. എന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് സര്‍ക്കാര്‍ പണമെടുത്തിരുന്നു. ബോര്‍ഡില്‍ നിന്ന് 1200 കോടി രൂപയോളമാണ് സര്‍ക്കാര്‍ കടമെടുക്കാന്‍ ശ്രമിച്ചത്. ഈ തുക സ്വരൂപിക്കാന്‍ മൂന്ന് പതിറ്റാണ്ടോളം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതെ പുല്ലുവിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്.

1985 ല്‍ സ്ഥാപിതമായ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ക്ലാര്‍ക്കുമാരായി നിയമിക്കപ്പെട്ടവരില്‍ ആദ്യത്തേയാള്‍ 15 വര്‍ഷം മുമ്പ് വിരമിച്ചു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സര്‍വ്വീസ് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് പറഞ്ഞ് റദ്ദാക്കി. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് സര്‍വ്വീസ് അനുവദിക്കുകയും ചെയ്തു.

പിന്നീട് ഒന്നാം പിണറായി സര്‍ക്കാര്‍ ചുമട്ടുക്ഷേമനിധി ബോര്‍ഡിലെ ആദ്യകാല ജീവനക്കാര്‍ക്ക് സര്‍വ്വീസ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും രാഷ്ട്രീയ തീരുമാനം ആയില്ലെന്ന പേരില്‍ ഫയല്‍ ഇപ്പോഴും വിശ്രമിക്കുകയാണ്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ മേശപ്പുറത്താണ് ഫയല്‍ ഇപ്പോഴുള്ളത്. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമിനെ പേടിച്ചാണ് ശിവന്‍കുട്ടി ഫയലില്‍ ഒപ്പിടാത്തതെന്നാണ് ആക്ഷേപം.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഭൂരിപക്ഷം ജീവനക്കാരും സി.ഐ.ടി.യു സംഘടനയില്‍ അംഗങ്ങളാണ്. പ്രതിവര്‍ഷം ഇവരില്‍ നിന്ന് സംഘടനാ വിഹിതമായി ലക്ഷങ്ങളാണ് എളമരം കരീം നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു പിരിച്ചെടുക്കുന്നത്. എന്നാല്‍, തൊഴിലാളികളുടെ പണമെടുത്ത് പെന്‍ഷന്‍ നല്‍കാനാകില്ലെന്ന കള്ളന്യായം പറഞ്ഞ് രാഷ്ട്രീയ തീരുമാനം എന്ന പേരില്‍ ചില താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ എളമരം കരീം മന്ത്രി ശിവന്‍കുട്ടിയെ ഫയലില്‍ ഒപ്പിടാതെ പിന്തിരിപ്പിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ വിരമിച്ച ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. 2000, 5000 രൂപയുടെ ധനസഹായം കോടതി അനുവദിച്ചു. പിന്നീട് ജീവനക്കാര്‍ മനുഷ്യവകാശ കമ്മീഷനെ സമീപിപ്പോള്‍ 2000 നാലായിരുമായും 5000 പതിനായിരമായും ഉയര്‍ത്തി.

നിയമസഭയില്‍ അഞ്ചുവര്‍ഷം കഴിച്ചുകൂട്ടിയാലും മന്ത്രിയോടൊപ്പം രണ്ട് വര്‍ഷം സേവനം അനുഷ്ടിച്ചാലും കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടന്നാലും പെന്‍ഷനുണ്ട്. എന്നാല്‍ 30 വര്‍ഷത്തിലേറെ കേരളത്തിലെ ചുമട്ടു തൊഴിലാളികളെയും അവരേക്കാള്‍ ശക്തരായ തൊഴിലുടമകളെയും സേവിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കില്ല എന്നുള്ള രാഷ്ട്രീയ തീരുമാനം നീതി നിഷേധമാണ്.