കോഴിക്കോട് നിപയുടെ ഭീഷണി,
തിരുവനന്തപുരത്ത് മന്ത്രിമാരുടെ ഡിന്നര്‍ പാര്‍ട്ടി
കോഴിക്കോട് ജില്ല ഇപ്പോള്‍ നിപ്പ ഭീതിയിലും കടുത്ത നിയന്ത്രണങ്ങളിലുമാണ്. നിലവില്‍ നിപ്പ സ്ഥിരീകരിച്ച് മൂന്നുപേരാണ് ചികിത്സയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 1000 കടന്നേക്കുമെന്ന് സംശയത്തില്‍ നഗരം അടഞ്ഞുകിടക്കുകയാണ്.
എന്നാല്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും ആഘോഷ ഡിന്നര്‍ പാര്‍ട്ടിയിലായിരുന്നു. മന്ത്രി വാസവന്റെ ഔദ്യോഗിക വസതിയിലായിരുന്നു അത്താഴ വിരുന്ന്.
നിപ്പയുടെ പ്രത്യേക യോഗം കഴിഞ്ഞ് രാത്രി 8 മണിയോടെ മുഖ്യമന്ത്രിയും ഭാര്യ കമലയും അത്താഴവിരുന്നിനെത്തി. നിപ്പ ഭീതിയില്‍ അത്താഴ വിരുന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. വിമര്‍ശനം ഉണ്ടാകുമെന്ന് ധനമന്ത്രി ബാലഗോപാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് മുഖവിലക്ക് എടുക്കാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തയ്യാറായില്ല. നിപ്പയുടെ ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അത്താഴവിരുന്നില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞ് നിന്നിരുന്നു.
വാസവന്റെ വീടിന് തൊട്ടടുത്ത് ആണ് വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയും. കരകുളത്തെ ഹാര്‍വെസ്റ്റ് കാറ്റേഴ്സ് ആണ് അത്താഴ വിരുന്ന് ഒരുക്കിയത്. സൂപ്പും ചിക്കനും മട്ടനും താറാവും ഉള്‍പ്പെടെ 32 വിഭവങ്ങള്‍ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ അത്താഴവിരുന്ന് ആയിരുന്നു ഒരുക്കിയത്. 8 മണിക്ക് തുടങ്ങിയ അത്താഴ വിരുന്ന് രാത്രി 11 മണി വരെ നീണ്ടു. കോട്ടയം വിഭവങ്ങളായിരുന്നു അത്താഴ വിരുന്നിന്റെ പ്രത്യേകത. ഭക്ഷണം കേമം ആയിട്ടുണ്ട് എന്ന കമന്റും മുഖ്യമന്ത്രി നല്കി.