കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ക്ക് നികുതി ഈടാക്കുന്നതിന് അഞ്ചു വര്‍ഷത്തിനുള്ളില്‍ നോട്ടിസ് നല്‍കിയിരിക്കണമെന്ന പഴയ വാറ്റ് നികുതി നിര്‍ണയത്തിലെ വ്യവസ്ഥ ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
2017 മുതല്‍ നിലവിലുള്ള നിയമത്തിലെ ഭേദഗതികള്‍ക്കെതിരായ അപ്പീലില്‍ പ്രസക്തമായ ഒന്നും കാണാനായില്ലെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്നയും ഉജ്ജല്‍ ഭുയാനും വിധിന്യായത്തില്‍ വ്യക്തമാക്കി.
150ലേറെ വ്യാപാരികളാണ് കേസില്‍ കക്ഷിചേര്‍ന്നിരുന്നത്. നികുതി നിര്‍ണയ സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ ആറു വര്‍ഷമാക്കിയതിനെതിരെയാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചത്.
അഞ്ചുവര്‍ഷത്തിനിടെ നോട്ടീസ് നല്‍കിയാലേ നികുതി നിര്‍ണയം നടത്താന്‍ പറ്റൂവെന്നായിരുന്നു ഹൈക്കോടതി വിധി. അഞ്ചുവര്‍ഷം കഴിഞ്ഞ് നല്‍കിയ നോട്ടീസുകള്‍ക്ക് നിയമപ്രാബല്യമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ തോമസ് ഐസക് ധനമന്ത്രിയായിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലം ആയിരം കോടി രൂപയോളമാണ് ഖജനാവിന് നഷ്ടമായത്. ഈ ഹൈക്കോടതി വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.