തിരുവനന്തപുരം: ഖജനാവ് കാലിയായ സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആഘോഷരാവുകള്‍ക്ക് അറുതിയില്ല. മന്ത്രിമാരുടെ ഈമാസത്തെ അത്താഴവിരുന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്റെ ഔദ്യോഗിക വസതിയില്‍. എല്ലാമാസവും ഓരോ മന്ത്രിമാരുടെ വസതികളിലായാണ് മുഖ്യമന്ത്രിയും കൂട്ടരും ഡിന്നര്‍ പാര്‍ട്ടി ആഘോഷിക്കുന്നത്. പത്ത് ലക്ഷം രൂപയ്ക്കും അപ്പുറമാണ് ഓരോ വിരുന്നിന്റെയും ചെലവ്. ഇത് ഖജനാവില്‍ നിന്ന് ഉറപ്പാക്കാന്‍ ധനമന്ത്രി കൂടെ തന്നെയുണ്ട്.

ഈ ആഴ്ചത്തെ മന്ത്രിസഭ യോഗം നടക്കുന്ന ബുധനാഴ്ചയായിരിക്കും അത്താഴ വിരുന്ന്. എല്ലാ മാസവും ആദ്യത്തെ മന്ത്രിസഭ യോഗം കഴിഞ്ഞായിരുന്നു അത്താഴ വിരുന്ന് നടക്കേണ്ടത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. അതുകൊണ്ട് ഈ മാസത്തെ ആദ്യ മന്ത്രിസഭ യോഗം കഴിഞ്ഞതിനു ശേഷമുള്ള അത്താഴ വിരുന്ന് മാറ്റിവച്ചിരുന്നു.

അത്താഴ വിരുന്നിന് ഉള്ള ഒരുക്കങ്ങള്‍ മന്ത്രി വാസവന്റെ ഔദ്യോഗിക വസതിയായ ‘ഗംഗ’ യില്‍ ആരംഭിച്ചു. വീടിന് ചുറ്റും ആഡംബര പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പന്തല്‍ പണി നാളെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അത്താഴ വിരുന്നിനും പന്തലിനും ഉള്‍പ്പെടെയുള്ള ചെലവ് 10 ലക്ഷം രൂപ ആകും എന്നാണ് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും പേഴ്‌സണല്‍ സ്റ്റാഫുകളും ഉന്നത ഉദ്യോഗസ്ഥരും അത്താഴ വിരുന്നില്‍ പങ്കെടുക്കും.വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മയും മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമെല്ലാം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്താഴ വിരുന്ന്. എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാര്‍ ഒത്തുകൂടും.

ആശയസംവാദവും ഒപ്പം അത്താഴവിരുന്നും മാത്രമാണ് പരിപാടിയുടെ അജണ്ട. 2017 ഫെബ്രുവരിയില്‍ മുതലാണ് അത്താഴ വിരുന്ന് ആരംഭിച്ചത്. ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആയിരുന്നു. ഓരോ മാസവും ഊഴമിട്ട് ഓരോ മന്ത്രിഭവനത്തിലും അത്താഴ വിരുന്ന് എന്ന രീതിയില്‍ എല്ലാ മാസവും മുറപോലെ ഇത് നടക്കും. മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമെല്ലാം വിരുന്നിനെത്തും.

കഴിഞ്ഞ മാസത്തെ അത്താഴ വിരുന്ന് മന്ത്രി ജി. ആര്‍. അനിലിന്റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സ്‌ക്കൂളുകളിലെ ഉച്ച ഭക്ഷണം പോലും പ്രതിസന്ധി ലായിരിക്കുമ്പോഴും ജനങ്ങളുടെ നികുതി പണം ചെലവാക്കി മുടക്കമില്ലാതെ അത്താഴ വിരുന്ന് കഴിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.

ധനപ്രതിസന്ധി മൂലം 2000 രൂപ പോലും ട്രഷറിയില്‍ മാറുന്നില്ല. ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറുന്നത് . സാമ്പത്തിക പ്രതിസന്ധിമൂലം സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്. പദ്ധതികള്‍ എല്ലാം നിലച്ചു. ട്രഷറി ക്യൂവിലാണ് എല്ലാ ബില്ലുകളും. സര്‍വ്വവും പ്രതിസന്ധിയില്‍ ആയ കേരളത്തില്‍ പ്രതിസന്ധി ബാധിക്കാത്ത ഏക കാര്യം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അത്താഴ വിരുന്നാണ്.