പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ റോക്കോര്‍ഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. എതിര്‍സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ആകെ ലഭിച്ച വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം. ആദ്യ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 40,478 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്.
എതിര്‍ സ്ഥാനാര്‍ഥി ഇടതിന്റെ ജെയ്ക് സി. തോമസ് നേടിയതിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയ അയര്‍ക്കുന്നം പഞ്ചായത്ത് മുതല്‍ അവസാനത്തെ വാകത്താനംവരെ ചാണ്ടി വ്യക്തമായി ലീഡ് നിലനിര്‍ത്തി. അകലക്കുന്നവും, കൂരോപ്പടയും മണര്‍കാട് പഞ്ചായത്തും ചാണ്ടി ഉമ്മന് വലിയ പിന്തുണ നല്‍കി. പുതുപ്പള്ളിയും വാകത്താനവും വലിയ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്.
ആദ്യഘട്ടം മുതല്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് ഉയര്‍ത്തിയിരുന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഒരു ഘട്ടത്തിലും ഇടത് സ്ഥാനാര്‍ഥി ജെയ്കിന് ലീഡ് പിടിക്കാനായില്ല. ഒരു ബൂത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്നില്‍ എത്താന്‍ കഴിഞ്ഞില്ല.
2021ലെ തെരഞ്ഞെടുപ്പില്‍ ജെയ്കിന് പിന്തുണ നല്‍കിയ പഞ്ചായത്തുകളില്‍ പോലും ഇക്കുറി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. ജെയ്കിന്റെ വീട് സ്ഥിതി ചെയ്യുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ദയനീയമായ പരാജയമാണ് നേരിട്ടിരിക്കുന്നത്.
പുതുപ്പള്ളിയില്‍ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പില്‍, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.
7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു.
മുന്‍മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയായി എന്ന അപൂര്‍വതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്.
ജെയ്ക് സി.തോമസാണു ഇടതു മുന്നണി സ്ഥാനാര്‍ഥി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാര്‍ഥി), ഷാജി (സ്വതന്ത്ര സ്ഥാനാര്‍ഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എ ആയിരുന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്.