ക്രിക്കറ്റ് ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് സഞ്ജു സാംസണിന്റെ അഭാവമാണ്. വന്‍ ആരാധക പിന്തുണയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മലയാളിയായ സഞ്ജു സാംസണ്‍.
ഇന്ത്യക്കൊപ്പം ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരി സഞ്ജുവിനുണ്ട്. എന്നാല്‍ സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. സൂര്യകുമാറിന്റെ ഏകദിന കരിയറിലെ ഗ്രാഫ് മോശമായ യാദവിനേക്കാള്‍ ടീമില്‍ ഇടംപിടിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത് സഞ്ജുവനാണെന്നാണ് ആരാധകരുടെ വാദം.
എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ഫിനിഷിംഗ് മികവില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇത്തരമൊരു ടീം എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഏകദിന ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജു സാംസണിന്റെ ഭാവി വലിയ ചോദ്യമായിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഏകദിന ലോകകപ്പിന് പരിഗണിച്ച ടീമിനെയാവും ഇന്ത്യ കളിപ്പിക്കുക. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കില്ല.
ഇനി പ്രധാനപ്പെട്ട ടൂര്‍ണമെന്റ് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ്. ഇന്ത്യക്കായി ഏകദിനത്തില്‍ ഗംഭീര ശരാശരിയില്‍ കളിച്ചിട്ടും സഞ്ജുവിന് ഏകദിന ലോകകപ്പില്‍ ഇടം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ടി20യില്‍ മോശം പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇക്കാരണത്താല്‍ തന്നെ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം.
നിര്‍ഭാഗ്യം വേട്ടയാടുന്ന താരമാണ് സഞ്ജു സാംസണ്‍. ഇനി ഇന്ത്യന്‍ ടീമില്‍ അവസരം പ്രതീക്ഷിച്ച സഞ്ജു തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ് കാട്ടിയതുപോലെ സഞ്ജുവും വിദേശ ടീമുകളിലേക്ക് ചേക്കേറിയാല്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് അത് ചെയ്യാന്‍ സാധിക്കില്ല.
കാരണം അദ്ദേഹത്തിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കന്‍ ക്രിക്കറ്റിലേക്കെത്തുക സഞ്ജുവിന് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ സഞ്ജു അത്തരമൊരു തീരുമാനമെടുത്താല്‍ രാജസ്ഥാനിലെ ക്യാപ്റ്റന്‍സി നഷ്ടമാവും. കൂടാതെ സഞ്ജുവിന് ഇപ്പോള്‍ ലഭിക്കുന്ന താരമൂല്യവും നഷ്ടമാവും. നിലവില്‍ വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. നിരവധി ബ്രാന്റുകളുടെ അംബാസഡറായും സഞ്ജു പ്രവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ ടീം സഞ്ജു വിട്ടാല്‍ ഇതെല്ലാം അദ്ദേഹത്തിന് നഷ്ടമാവും. അതുകൊണ്ടുതന്നെ സഞ്ജു നിലവില്‍ വൈകാരികമായ തീരുമാനം എടുക്കാന്‍ യാതൊരു സാധ്യതയുമില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താനാവും സഞ്ജു ശ്രമിക്കുക. അല്ലാതെ വിരമിക്കാനോ മറ്റൊരു ടീമിലേക്ക് ചേക്കേറാനോ സഞ്ജു ശ്രമിക്കില്ലെന്നുറപ്പ്. അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമാക്കിയാവും സഞ്ജു ഇനി മുന്നോട്ട് പോവുക.
വലിയ ടൂര്‍ണമെന്റുകളില്‍ അവസരം ലഭിച്ചില്ലെങ്കിലും സീനിയേഴ്സിന് വിശ്രമം നല്‍കുന്ന മത്സരങ്ങളില്‍ സഞ്ജുവിനെ പരിഗണിച്ചേക്കും. അതുകൊണ്ടുതന്നെ അവസരത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്. 2027ല്‍ ഏകദിന ലോകകപ്പ് നടക്കുമ്പോഴും സഞ്ജുവിന് ടീമില്‍ തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീമിലിടം നഷ്ടമായാലും അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി ഇപ്പോഴേ തന്ത്രം മെനഞ്ഞ് സഞ്ജു മുന്നോട്ട് പോകേണ്ടതായുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ