നടൻ ജയസൂര്യയെ സർക്കാർ പരിപാടികളിൽ ക്ഷണിക്കേണ്ടന്ന് സി പി എം നിർദ്ദേശം. കളമശേരിയിലെ കാർഷികോൽസവം വേദിയിൽ കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചു നടൻ ജയസൂര്യ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സർക്കാർ പരിപാടികളിൽ ജയസൂര്യ വേണ്ട എന്ന തീരുമാനത്തിൽ സിപിഎം എത്തിയത്.
കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ വേദിയിലിരിക്കെ ആയിരുന്നു ജയസൂര്യയുടെ രൂക്ഷ വിമർശനം. ജയസൂര്യ ക്കെതിരെ സി പി എം സൈബറിടങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഇതിനെ തുടർന്ന് ഉണ്ടായി.പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
കർഷകർ കഷ്‌ടപ്പെട്ടു വിളവിറക്കി കൊയ്‌തെടുത്ത നെല്ലിന് സംഭരിച്ച ശേഷം ആറ് മാസമായിട്ടും പണം കൊടുക്കാത്തത് നീതികരിക്കാനാവില്ലെന്നും ജയസൂര്യ പറഞ്ഞു.ജയസൂര്യയെ ഉദ്ഘാടനത്തിന് വിളിച്ച് പണി കിട്ടിയ മറ്റൊരു മന്ത്രി മുഹമ്മദ് റിയാസായിരുന്നു.പി ഡബ്ല്യൂ ഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉത്ഘാടനം ചെയ്യാൻ മുഹമ്മദ് റിയാസ് ക്ഷണിച്ചത് ജയസൂര്യയെ ആയിരുന്നു.
തന്റെ പ്രവർത്തനങ്ങളെ ജയസൂര്യ പുകഴ്ത്തും എന്ന് വിശ്വസിച്ച മന്ത്രി റിയാസിന് തെറ്റി. കടുത്ത വിമർശനങ്ങളാണ് ജയസൂര്യയിൽ നിന്നുണ്ടായത്. മഴയാണ് റോഡ് നിര്‍മ്മാണത്തിന് തടസമെന്ന റിയാസിന്റെ പ്രസ്താവനയാണ് ജയസൂര്യയെ ചൊടിപ്പിച്ചത്.
എന്നാ പിന്നെ ചിറാപുഞ്ചിയില്‍ റോഡേ ഉണ്ടാവില്ല എന്നായി ജയസൂര്യ . ലോണെടുത്തും ഭാര്യയുടെ മാല പണയം വെച്ചുമായിരിക്കാം ഒരുത്തന്‍ റോഡ് ടാക്‌സ് അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ എന്ന് റിയാസിന്റെ സാന്നിദ്ധ്യത്തിൽ ജയസൂര്യ തുറന്നടിച്ചു. ജയസൂര്യയുടെ വിമർശനത്തിനു ശേഷം പൊതുമരാമത്ത് , ടൂറിസം വകുപ്പിന്റെ ഒരു പരിപാടിയിലും ജയസൂര്യക്ക് ക്ഷണം ഉണ്ടായില്ല.
കളമശേരിയിലെ പരിപാടിക്ക് ജയസൂര്യയെ ക്ഷണിച്ചത് മന്ത്രി പി. രാജിവായിരുന്നു. ജയസൂര്യയുടെ വിമർശനത്തോടെ കർഷകർക്കുള്ള പണം എങ്ങനെയെങ്കിലും കൊടുത്ത് തലയൂരിയാൽ മതിയെന്നായി സർക്കാർ. കേന്ദ്രം ഫണ്ട് തന്നില്ലെന്നായിരുന്നു സർക്കാർ വക ക്യാപ്സൂൾ .
2017 – 18 മുതൽ ഓഡിറ്റ് ചെയ്ത കണക്ക് കേരളം കൊടുത്തിട്ടില്ലെന്ന വിവരം പുറത്ത് വന്നതോടെ അതും പാളി. കർഷകരെ വഴിയാധാരമാക്കിയത് കേരള സർക്കാരാണെന്ന് ഇതോടെ വ്യക്തമായി.