കേരളത്തില്‍ പനിമരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്. ആരോഗ്യ സൂചികയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമ്പോഴും 2021 മുതല്‍ 2023 ജൂലൈ വരെ 492 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ചത് മരിച്ചത്. എലിപ്പനി ബാധിച്ചാണ് കൂടുതല്‍ മരണം.

259 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡങ്കിപ്പനി ബാധിച്ച് 116 പേരും എച്ച് 1 എന്‍1 ബാധിച്ച് 46 പേരും ചെള്ളുപനി ബാധിച്ച് 37 പേരും മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് 23 പേരാണ്.

2023 ല്‍ ജൂലൈ 31 വരെ പനി ബാധിച്ച് മറിച്ചത് 133 പേരാണ്. 2023 ജൂലൈ 31 വരെ സംസ്ഥാനത്ത് പനി ബാധിച്ച് ചികില്‍സ തേടിയവര്‍ 17,38,191 പേരാണ്. ആരോഗ്യ മന്ത്രി കസേരയില്‍ വീണ ജോര്‍ജ് വന്‍ പരാജയമാണെന്ന് ഈ മരണ കണക്കുകളില്‍ നിന്ന് വ്യക്തം. വീണ ജോര്‍ജ് ആഗസ്റ്റ് 8 ന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന മരണ കണക്കിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

പനിമരണങ്ങളുടെ കണക്ക് ആവശ്യപ്പെട്ടത് കെ.കെ.രമ എം.എല്‍.എയാണ്. ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന് ബ്രിട്ടനിലേക്ക് പറക്കാനും ക്യൂബ കാണാനും ഈ പനി മരണങ്ങളും ഇടയിലും വീണ ജോര്‍ജ് സമയം കണ്ടെത്തിയിരുന്നു.

മുഴുവന്‍ സമയ ജോലിയാണ് ആരോഗ്യ മന്ത്രിയുടേത്. ചാനല്‍ അവതാരകയുടെ പഴയ വേഷം അഴിച്ചു മാറ്റാന്‍ വീണ ജോര്‍ജിന് കഴിയുന്നില്ല. കേരളത്തിലെ ആശുപത്രികളില്‍ ഏറ്റവും വിശ്വാസമില്ലാത്തത് മുഖ്യമന്ത്രിക്ക് തന്നെയാണ്. സ്വന്തം ചികില്‍സയുടെ കാര്യം വന്നാല്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറക്കും. മറ്റ് മന്ത്രിമാരുടെ അവസ്ഥയും തഥൈവ.

ഓരോ സീസണുകളിലും സജീവമാകുന്ന രോഗങ്ങള്‍ തടയുന്നതിനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഈ മികവ് പ്രകടമല്ലെന്നതാണ് സത്യം. കൊതുക് നശീകരണം, ഉറവിട മാലിന്യ സംസ്‌കരണം എന്നീ കാര്യങ്ങളിലുണ്ടായിട്ടുള്ള പരാജയമാണ് കൊതുക് ജന്യരോഗങ്ങളായ ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവയുടെ വ്യാപനത്തിന് മുഖ്യകാരണം. പൊതുസ്ഥലത്ത് മാലിന്യനിക്ഷേപമുള്‍പ്പെടെയുള്ള പിഴവുകളാണ് എലികളുടെ എണ്ണം പെരുകുന്നതിന് മുഖ്യകാരണം. എലിപ്പനി വ്യാപനമാണ് ദുരന്തഫലം. പ്ലേഗ് പുനരവതരിച്ചാലും അദ്ഭുതമില്ല.

വലിച്ചെറിയല്‍മുക്ത കേരളമുള്‍പ്പെടെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്കൊന്നും പഞ്ഞമില്ലെങ്കിലും ഉദ്ദേശിച്ച നിലയില്‍ നടപ്പാക്കാനാവുന്നില്ലെന്നതാണ് വാസ്തവം. ഹരിതകര്‍മ്മസേനയുടെ പ്‌ളാസ്റ്റിക്ക് മാലിന്യശേഖരണമൊഴികെ ജൈവ -അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഇപ്പോഴും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കീറാമുട്ടിയായി തുടരുകയാണ്.

മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകളും തോടുകളും മാലിന്യംമൂടി അടഞ്ഞുകഴിഞ്ഞു. ഈ ഓടകളിലൂടെയാണ് കുടിവെള്ള പൈപ്പ് ലൈനിന്റെ കടന്നുവരവ്. വേനല്‍ മഴക്കാലം മുതലാണ് കൊതുകുകള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ എണ്ണം പെരുകുന്നത്. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേയെന്ന പ്രഖ്യാപനമൊഴിച്ചാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണം വേണ്ടവിധമുണ്ടായില്ലെന്നതാണ് വാസ്തവം. ദുരന്ത നിവാരണ അതോറിട്ടിയുള്‍പ്പെടെ എക്‌സിക്യുട്ടീവ് അധികാരമുള്ള അതോറിട്ടികള്‍ ജില്ലാ- സംസ്ഥാന അടിസ്ഥാനത്തിലുണ്ടെങ്കിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാലേകൂട്ടിയുള്ള യാതൊരു പ്രവര്‍ത്തനവും ഇവരുടെ ഭാഗത്തുനിന്നില്ല.

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലയളവുകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടി കൈക്കൊണ്ടാല്‍ മഴക്കാലരോഗങ്ങളെ വരുതിയിലാക്കാമെന്നതാണ് വാസ്തവം. മാലിന്യം മലയോളം കുന്നുകൂടുന്ന തിരുവനന്തപുരവും കൊച്ചിയും കൊല്ലവും കോഴിക്കോടും തൃശൂരുമുള്‍പ്പെടെയുള്ള നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം ഇത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ കൊതുക് ജന്യരോഗങ്ങള്‍ നിയന്ത്രിക്കാനാകൂ..

കേരളത്തില്‍ പതിനായിരക്കണക്കിനാളുകള്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച് 1 എന്‍ 1 തുടങ്ങി രോഗങ്ങള്‍ നിയന്ത്രണമില്ലാതെ പടര്‍ന്നുപിടിക്കുന്നു. ഡെങ്കി ഹെമറേജ് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിവ സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന് കഴിയുന്നില്ല. ജാഗ്രത പുലര്‍ത്താനും കൊതുകിനെ കൊല്ലാനും ഉപദേശം നല്‍കി തടിയൂരാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. പകര്‍ച്ചവ്യാധി ആകസ്മികമായി കടന്നുവന്നതല്ല. പടര്‍ന്നുപിടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതു മനസിലാക്കി മാലിന്യപ്രശ്‌നം പരിഹരിക്കാനോ, മഴയ്ക്കുമുമ്പ് അവശ്യംവേണ്ട പ്രതിരോധ നടപടികള്‍ക്കോ സര്‍ക്കാര്‍ താത്പര്യമെടുത്തില്ല.

ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. നഴ്സുമാരുള്‍പ്പെടെ ജീവനക്കാരുമില്ല. ആശുപത്രികള്‍ രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഏ?റ്റവും എളുപ്പം പഞ്ചായത്തുകള്‍ക്കാണ്.

പഞ്ചായത്തുകള്‍ക്ക് വേണ്ടത്ര ഫണ്ടില്ല. തനത് ഫണ്ടുപോലും വേണ്ടവിധമില്ലാത്ത പഞ്ചായത്തുകള്‍ ഓടകളുടെ ക്‌ളീനിംഗും കൊതുക് നശീകരണത്തിനുള്ള ഫോഗിംഗുള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും എങ്ങനെ നടത്തുമെന്ന് ആര്‍ക്കും നിശ്ചയമില്ലെന്നതാണ് വാസ്തവം.

മരുന്ന് ക്ഷാമമുള്ളതായി സര്‍ക്കാരോ ആരോഗ്യവകുപ്പോ സമ്മതിക്കുന്നില്ലെങ്കിലും ആന്റിബയോട്ടിക്ക് ഉള്‍പ്പെടെ പല മരുന്നുകളും ആശുപത്രികളില്‍ സ്റ്റോക്കില്ല. പനിക്ക് മരുന്നു വാങ്ങാനുള്ള പണം പോലും ഓരോ ജില്ലയ്ക്കും അനുവദിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയുന്നു. പനി മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടും കാര്യങ്ങള്‍ അവലോകനം ചെയ്യാനോ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ പനി ക്‌ളിനിക്ക് ആരംഭിക്കാനും മുഴുവന്‍സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നടപടി ആവശ്യമാണ്.