പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വിവിധ മുന്നണികളുടെ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി. എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാനതല നേതാക്കള്‍ പുതുപ്പള്ളി കേന്ദ്രീകരിച്ച് അവസാനവട്ട പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറില്‍ പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും. വൈകുന്നേരം ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്.

പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളും എംഎല്‍എമാരും അടക്കമുള്ളവര്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥികളെല്ലാം മണ്ഡല പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.

പുതുപ്പള്ളിക്കാരല്ലാത്ത രാഷ്ട്രീയകക്ഷിപ്രവര്‍ത്തകര്‍ മണ്ഡലം വിടണം

ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 3) വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇതുറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണ് നടപടി.

പുതുപ്പള്ളിയില്‍ ഡ്രൈ ഡേ

കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാല്‍ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കും.

പുതുപ്പള്ളി നിയോജമണ്ഡലത്തിന്റെ പരിധിയില്‍ ഹോട്ടല്‍, ഭോജനശാലകള്‍, മറ്റേതെങ്കിലും കടകള്‍, പൊതു-സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യമോ സമാനമായ വസ്തുക്കളോ വില്‍ക്കാനോ, നല്‍കാനോ, വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ തുടങ്ങി മദ്യം വില്‍ക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ആര്‍ക്കും മദ്യം വില്‍ക്കാനോ വിളമ്പാനോ പാടില്ല.

മദ്യം കൈവശംവയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസന്‍സുകളുണ്ടെങ്കിലും ക്ലബ്ബുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കും ഈ ദിവസങ്ങളില്‍ മദ്യം നല്‍കാന്‍ അനുമതിയില്ല. വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവില്‍ വെട്ടിക്കുറയ്ക്കും. ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്സൈസ് നിയമത്തിലെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും.

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലിനും അഞ്ചിനും അവധി നല്‍കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി.

വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതല്‍ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.