സ്വര്‍ണ്ണ വ്യാപാരികളില്‍ നിന്ന് പിരിച്ചെടുക്കാത്തത് ഭീമന്‍ നികുതി!
കിട്ടാനുള്ളത് 18000 കോടി രൂപ, കിട്ടിയത് 560 കോടി

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നിലയ്ക്ക് തുരങ്കം വെച്ച് ഗോള്‍ഡ് മാഫിയ പിടിമുറുക്കുന്നു. സര്‍ക്കാരിലേക്ക് നികുതിയടയ്ക്കാതെ ഭരിക്കുന്ന പാര്‍ട്ടിക്ക് കൈമടക്ക് കൊടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ് ഗോള്‍ഡ് മാഫിയ. ഭരണകക്ഷിയുടെ പിന്‍ബലത്തില്‍ വന്‍ നികുതി വെട്ടിപ്പാണ് ഗോള്‍ഡ് മാഫിയ നടത്തുന്നത്.

2020 ല്‍ ഗോള്‍ഡ് മാഫിയ നടത്തുന്ന നികുതി വെട്ടിപ്പ് സംബന്ധിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഖജനാവില്‍ നികുതി അടക്കാതെ കേരളം അടക്കിവാഴുന്ന ഗോള്‍ഡ് മാഫിയയുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി തെളിവുകള്‍ സഹിതം സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഉടന്‍ നടപടിയെടുക്കാമെന്നായിരുന്നു അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ മറുപടി. ഗോള്‍ഡ് മാഫിയക്ക് എതിരെ ഒരു ചെറുവിരലനക്കാന്‍ ഐസക്ക് തയ്യാറായില്ല. തന്റെ മുന്‍ഗാമിയുടെ അതേ പാതയിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലും. ജനങ്ങള്‍ക്ക് മേല്‍ 5000 കോടിയുടെ അധിക നികുതി ചുമത്തിയ ബാലഗോപാല്‍ ഗോള്‍ഡ് മാഫിയക്ക് സഹായകമായ നിലപാട് ആണ് എടുത്തത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് നികുതിയടച്ചുള്ള സ്വര്‍ണ വ്യാപാരം ആകെ സ്വര്‍ണ വില്‍പനയുടെ 20 ശതമാനത്തിനു താഴെയാണ്. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി മുന്‍ ചെയര്‍പേഴ്സണും സാമ്പത്തിക വിദഗ്ധയുമായ പ്രൊഫ. ഡോ. മേരി ജോര്‍ജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രതിവര്‍ഷം ഈ മേഖലയില്‍ നിന്ന് കേരളത്തിന് 18,000 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.

കേരളത്തിന് 2021-22 സാമ്പത്തികവര്‍ഷം സ്വര്‍ണ മേഖലയില്‍ നിന്ന് ലഭിച്ച നികുതിവരുമാനം 560.91 കോടി രൂപയാണ്. വാറ്റ് നിയമം പ്രാബല്യത്തിലുണ്ടായിരുന്ന 2016ല്‍ ഇത് 629.65 കോടി രൂപയായിരുന്നു. അതേസമയം സ്വര്‍ണവില വര്‍ഷംതോറും മുകളിലോട്ടാണ്. സ്വര്‍ണവില 2017ല്‍ ഗ്രാമിന് 2,740 ആയിരുന്നത് 2023 ആയപ്പോള്‍ 100 ഇരട്ടി വര്‍ധിച്ച് 5,445ല്‍ എത്തിനില്‍ക്കുകയാണ്.

വാറ്റ് കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ നികുതി 5% ആയിരുന്നെങ്കിലും 90 ശതമാനം സ്വര്‍ണാഭരണ കച്ചവടക്കാരും കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി അടച്ചിരുന്നതിനാല്‍ ശരാശരി നികുതി നിരക്ക് 1.25% ആയിരുന്നു.

എന്നാല്‍ ജി.എസ്.ടിയിലേക്ക് വന്നപ്പോള്‍ 40 ലക്ഷം വിറ്റുവരവുള്ളവരേ രജിസ്ട്രേഷന്‍ എടുക്കേണ്ടതുള്ളൂ എന്നതും നികുതി നിരക്ക് മൂന്നു ശതമാനമായി കുറഞ്ഞതുമാണ് സ്വര്‍ണ നികുതിവരവു കുറയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഇന്‍പുട് ടാക്സ് ക്രെഡിറ്റ് നല്‍കണം, സ്വര്‍ണാഭരണ പരിശോധനയില്‍ ഇ-വേബില്‍ ബാധകമല്ലാത്തതിനാല്‍ പിടിച്ചെടുക്കാന്‍ കഴിയുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ ഇ- വേബില്‍ ഏര്‍പ്പെടുത്താന്‍ തടസംനില്‍ക്കുന്നു എന്നീ കാരണങ്ങളും ചൂണ്ടിക്കാട്ടുന്നു.

നികുതിവെട്ടിപ്പു തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നു ആക്ഷേപമുണ്ട്. 2020ല്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് കേരളത്തിലെ എല്ലാ സ്വര്‍ണക്കടകളിലും ഒറ്റദിവസം കൊണ്ട് പരിശോധന നടത്തി അതിന്റെ സെറ്റാക്ക് വിറ്റുവരവ് അടങ്ങിയ ഡാറ്റ സിഡാക്.നെ ഏല്‍പിച്ചിട്ട് മൂന്നുവര്‍ഷമായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. എല്ലാ സ്വര്‍ണക്കടകളിലും ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല.

ജി.എസ്.ടി പുനഃസംഘടനയോട് കൂടി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ എണ്ണം നേര്‍പകുതിയാക്കി കുറച്ചതും പരിശോധനകള്‍ കുറച്ചതും നികുതി വലയ്ക്ക് പുറത്തുള്ള സ്വര്‍ണാഭരണ ശൃംഖലയെ സഹായിക്കാനാണെന്ന ആക്ഷേപം നിലവിലുണ്ട്.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം ചോരുന്നതിനു തടയിടുന്നതില്‍ ജി.എസ്.ടി വകുപ്പ് നിസംഗത പുലര്‍ത്തുന്നത് ഈ കള്ളക്കച്ചവടത്തിന്റെ വിഹിതം കൃത്യമായി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ഭരണ നേതൃത്വത്തിന്റേയും പോക്കറ്റുകളിലേക്ക് ഒഴുകുന്നത് കൊണ്ടാണെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി കൗണ്‍സില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണനീക്കത്തിന് ഇ- വേബില്‍ ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്ന കേരളം വിജ്ഞാപനമിറക്കാന്‍ മടിക്കുന്നത് ഈ സംശയത്തിനു ബലംനല്‍കുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ് ഓഫ് മിനിസ്റ്റേഴ്‌സിനെ നയിച്ചത് തന്നെ സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ ആയിരുന്നു. പ്രതിസന്ധി കാരണമാണ് 5000 കോടിയുടെ അധിക നികുതി ചുമത്തിയത് എന്നാണ് ബാലഗോപാലിന്റെ നിയമസഭയിലെ ന്യായികരണം. സ്വര്‍ണ്ണത്തില്‍ നിന്ന് ലഭിക്കേണ്ട 18000 കോടി പിരിച്ചാല്‍ അധിക നികുതി ചുമത്തണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ബാലഗോപാലിന് അപ്പോള്‍ തന്നെ മറുപടി നല്‍കി.

18000 കോടിയുടെ മൂന്നിലൊന്നായ 6000 കോടി സ്വര്‍ണ്ണത്തില്‍ നിന്നു നികുതിയായി ആദ്യ വര്‍ഷം പിരിക്കാന്‍ സാധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുമെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ബാലഗോപാല്‍ ഇതൊന്നും ചെവികൊണ്ടില്ല. ഗോള്‍ഡ് മാഫിയയും ഭരണത്തിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് നിര്‍ബാധം തുടരുകയാണ്. ഭരണകക്ഷിയുടെ പ്രധാന ഫണ്ട് സ്രോതസ് ആണ് സ്വര്‍ണ വ്യാപാരികള്‍ . ഭരണകക്ഷിയുടെ ബഹുനില മന്ദിരങ്ങള്‍ ഉയരുന്നതിന്റെ സ്രോതസും മറ്റൊന്നല്ല. ഖജനാവില്‍ നികുതി വന്നില്ലെങ്കിലും കിട്ടേണ്ട സ്ഥലങ്ങളില്‍ കൃത്യമായി പണം ഗോള്‍ഡ് മാഫിയ എത്തിക്കുന്നുണ്ടെന്ന് വ്യക്തം. തോല്‍ക്കുമെന്ന് ഉറപ്പുള്ള പുതുപ്പള്ളിയില്‍ പോലും ഗോള്‍ഡ് മാഫിയ ഭരണകക്ഷിക്ക് കോടികള്‍ പിരിവ് നല്‍കി എന്നാണ് ലഭിക്കുന്ന സൂചന.