റബര്‍ കര്‍ഷകര്‍ക്ക് ഫണ്ട് നല്‍കാത്തത് ധനമന്ത്രിയെന്ന് കൃഷിമന്ത്രി; കര്‍ഷകരോടുള്ള അവഗണന തുറന്നുകാട്ടി പി. പ്രസാദിന്റെ മറുപടി

തിരുവനന്തപുരം: റബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി 2015 ല്‍ നടപ്പിലാക്കിയ റബര്‍ വില സ്ഥിരത ഫണ്ട് അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍.

2015-16 ലെ ബജറ്റിലായിരുന്നു റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 300 കോടിയായിരുന്നു ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 270.21 കോടിയും റബര്‍ കര്‍ഷകര്‍ക്ക് നല്‍കി.

2016 ലെ ബജറ്റില്‍ ഉമ്മന്‍ ചാണ്ടി റബര്‍ വില സ്ഥിരത ഫണ്ട് 500 കോടിയായി ഉയര്‍ത്തി. പിന്നീട് വന്ന പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റിലും 500 കോടി വകയിരുത്തി. 2022-23 വരെ 500 കോടിയായിരുന്ന റബര്‍ വില സ്ഥിരത ഫണ്ട് 2023-24 ലെ ബജറ്റില്‍ ബാലഗോപാല്‍ 600 കോടിയായി ഉയര്‍ത്തി.

ബജറ്റില്‍ തുക വകയിരുത്തുമെങ്കിലും ഐസക്കും ബാലഗോപാലും റബര്‍ കര്‍ഷകര്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് നിയമസഭ രേഖകള്‍ വ്യക്തമാക്കുന്നു. 2023 മാര്‍ച്ച് 2ന് കൃഷി മന്ത്രി പി. പ്രസാദ് നല്‍കിയ നിയമസഭ മറുപടി പരിശോധിച്ചാല്‍ ഐസക്കും ബാലഗോപാലും റബര്‍ കര്‍ഷകര്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് വ്യക്തമാകും.

2016-17 മുതല്‍ 2022-23 വരെ 3500 കോടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 1536 കോടി രൂപ മാത്രമാണ്. ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ 43 ശതമാനം മാത്രമാണ് റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം 600 കോടി ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് 13.75 കോടിയാണ് നല്‍കിയത്.

ടാപ്പിങ് ചാര്‍ജ് വര്‍ദ്ധനയും വളത്തിന്റെയും മറ്റും ചെലവുകള്‍ വര്‍ദ്ധിച്ചതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയതിനിടെ ധനവകുപ്പ് അര്‍ഹതപ്പെട്ട ഫണ്ട് അനുവദിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കുറഞ്ഞ വിലയുള്‍പ്പടെയുള്ള കനത്ത പ്രതിസന്ധികള്‍ നേരിടുന്നതിനിടെ സര്‍ക്കാരിന്റെ തിരിച്ചടി കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച 13.75 കോടി നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.

റബര്‍ കര്‍ഷകര്‍ ഏറെയുള്ള പുതുപ്പള്ളിയില്‍ റബര്‍ കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 2021-22 ല്‍ 20.97 കോടിയും 2022-23 ല്‍ 33.19 കോടിയും 2023 – 24 ല്‍ 13.75 കോടിയും മാത്രം നല്‍കി റബര്‍ കര്‍ഷകരെ തുടര്‍ച്ചയായി അവഗണിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.

പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കൃഷി മന്ത്രിയുടെ നിയമസഭ മറുപടി എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോട്ടയത്ത് റബര്‍ കര്‍ഷകരോടുള്ള അവഗണന രാഷ്ട്രീയ വിഷയമായി മാറിയതിന്റെ അങ്കലാപ്പിലാണ് ഇടതുമുന്നണി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments