KeralaNews

കൊച്ചിയിലെ പിഎഫ് ഓഫീസിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമൻ.

ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന്റെ സഹോദരീ ഭർത്താവ് സുകുമാരൻ ആരോപിച്ചു. പി എഫ് നിഷേധിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. എൺപതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. പി എഫിനായി പല തവണ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും സുകുമാരൻ ആരോപിച്ചു. ഇനിയാർക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും സഹോദരി ഭർത്താവ് പറഞ്ഞു.

ക്യാൻസർ രോഗിയായിരുന്നു മരിച്ച ശിവരാമൻ. പെരാമ്പ്ര അപ്പോളോ ടയേഴ്സിൽ കരാർ തൊഴിലാളിയായിരുന്നു ശിവരാമൻ. വിരമിച്ച് ഒമ്പത് കൊല്ലമായിട്ടും ശിവരാമന് ഇതുവരെ പിഎഫ് വിഹിതം നൽകിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *