ന്യൂയോര്‍ക്ക്: ഈയടുത്ത് പുറത്തിറങ്ങിയ ഏറെ സാങ്കേതിക മികവുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണ്‍ 16 പ്രോ സ്‌മാര്‍ട്ട്ഫോണില്‍ ടച്ച്‌സ്ക്രീന്‍ തകരാര്‍ എന്ന് പരാതികള്‍. ഇന്ത്യയില്‍ 1,19,900 രൂപ വിലയില്‍ ആരംഭിക്കുന്ന ഈ ഫോണില്‍ ടച്ച്‌സ്ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും അനാവശ്യ ടച്ചുകള്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നതായുമാണ് യൂസര്‍മാര്‍ പരാതിപ്പെടുന്നത്.
ഇറങ്ങിയപ്പോഴേ വിവാദത്തിലായിരിക്കുകയാണ് ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട ഐഫോണ്‍ 16 പ്രോ. ടച്ച്‌സ്ക്രീന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സ്ക്രീനില്‍ ടാപ് ചെയ്യുന്നത് ശരിയാവുന്നില്ല എന്നുമാണ് ഫോണ്‍ സ്വന്തമാക്കിയ പലരുടെയും പ്രധാന പരാതികള്‍. ഇതോടെ സ്ക്രോളിംഗ്, ബട്ടണ്‍ പ്രസ്, വെര്‍ച്വല്‍ കീബോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. വലിയ സാങ്കേതിക തികവോടെ പുറത്തിറക്കി എന്ന് അവകാശപ്പെടുന്ന 120Hz പ്രോമോഷന്‍ ഡിസ്പ്ലെയാണ് ഇത്തരത്തില്‍ കുരുക്കിലായിരിക്കുന്നത്. ബെസെല്‍സിന്‍റെ വലിപ്പം കുറച്ചതോടെ അബദ്ധത്തില്‍ സ്ക്രീനില്‍ കൈതട്ടി ടച്ചാകുന്നതും പ്രശ്‌നമാണെന്ന് യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ടച്ച്‌സ്ക്രീനിലെ പ്രശ്‌നം ഹാര്‍ഡ്‌വെയര്‍ തകരാറല്ലെന്നും സോഫ്റ്റ്‌വെയര്‍ ബഗ്ഗാണ് എന്നുമാണ് അനുമാനം. അതിനാല്‍ ഐഒഎസ് 18 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ പരിഹരിച്ചേക്കും.
ഈ മാസം ആദ്യം നടന്ന ഗ്ലോടൈം ഇവന്‍റിലാണ് ആപ്പിള്‍ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16 പുറത്തിറക്കിയത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. എ18 ചിപ്പ്സെറ്റ്, കൂടുതല്‍ മെച്ചപ്പെട്ട ക്യാമറ എന്നിവയായിരുന്നു പ്രധാന സവിശേഷതകള്‍. ഇതിനൊപ്പം സ്ക്രീന്‍ ബെസെല്‍സിന്‍റെ വലിപ്പം കുറച്ചതും ശ്രദ്ധേയമായി. എന്നാല്‍ ആ പരീക്ഷണം പാളിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.