മുന്‍ മന്ത്രി എ.സി. മോയ്തീന് നാല് ബിനാമികള്‍ |
നോട്ട് നിരോധന കാലത്ത് നിക്ഷേപിക്കപ്പെട്ട 96 കോടിയുടെ ഉറവിടം തേടുന്നു |
ബിനാമികളില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ 50 അക്കൗണ്ടും മറ്റൊരാള്‍ക്ക് 25 അക്കൗണ്ടുകളും |
എ.സി. മൊയ്തീന്റെ സ്വാധീനത്തില്‍ പല ഉന്നതര്‍ക്കും വായ്പ നല്‍കിയതായും മൊഴി
തൃശൂര്‍; സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
300 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ നടപടികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യം വെക്കുന്നത്. എ.സി. മൊയ്തീന് നാല് ബിനാമികളുണ്ടെന്നാണ് ഇ.ഡിയുടെ സംശയം. ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇരട്ട രജിസ്റ്റര്‍ വെച്ചായിരുന്നു തട്ടിപ്പെന്ന് മൊയ്തീന്റെ വീട്ടിലെ റെയ്ഡിലെ രേഖകളില്‍ നിന്ന് ഇ.ഡിക്ക് വ്യക്തമായിട്ടുണ്ട്.
ഇപ്പോള്‍ മരവിപ്പിച്ച എഫ്.ഡി അക്കൗണ്ടില്‍ 30 ലക്ഷം രൂപയാണുള്ളത്. ഇത്രയും രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. സിപിഎം മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണത്തിന്റെ കാര്യത്തില്‍ ഫോണ്‍സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്.
മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.
ഇവരുടെ പക്കല്‍ നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എസി മൊയ്തീന് നോട്ടീസ് നല്‍കുക. സഹകരണ രജിസ്ട്രാറില്‍ ഒരാളാണ് മൊയ്തീനെതിരെ മൊഴിനല്‍കിയതെന്നാണ് വിവരം.
ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാര്‍ എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയിരിക്കുന്നത്. എ.സി. മൊയ്തീന്റെ സ്വാധീനത്തില്‍ മറ്റുപലര്‍ക്കും വായ്പ നല്‍കിയതായും മൊഴി ലഭിച്ചിട്ടുണ്ട്.
നോട്ട് നിരോധന സമയത്ത് കരുവന്നൂര്‍ ബാങ്കിലേക്കെത്തിയ നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടിയാണ് ഇ.ഡി. ചേര്‍പ്പിലെ സ്വര്‍ണവ്യാപാരി അനില്‍ സേഠിന്റെയും കോലഴിയിലെ സതീശന്‍ വെളപ്പായയുടെയും വീടുകളിലെത്തിയത്. വന്‍ തോതില്‍ എത്തിയ നിക്ഷേപത്തില്‍ നിരോധിച്ച നോട്ടുകളും മാറ്റിയെടുത്തെന്ന സൂചന ഇ.ഡി.ക്ക് കിട്ടിയിരുന്നു.
ബാങ്കില്‍ 2015-16 സാമ്പത്തിക വര്‍ഷം 405.51 കോടി നിക്ഷേപമുണ്ടായിരുന്നത് 2016-17-ല്‍ 501 കോടിയായി. 96 കോടിയാണ് ഒറ്റ വര്‍ഷത്തില്‍ കൂടിയത്. നോട്ട് നിരോധനമുണ്ടായ നവംബര്‍ ആദ്യം നിക്ഷേപം കുമിഞ്ഞുകൂടുകയായിരുന്നു. 2017-18-ല്‍ നിക്ഷേപം 405 കോടിയായി ഇടിഞ്ഞു.
ഇതിനടുത്ത വര്‍ഷം 340 കോടിയായും നിക്ഷേപം കുറഞ്ഞു. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തി കേസെടുത്ത 2021-ല്‍ നിക്ഷേപം 301 കോടിയായിരുന്നു. അഞ്ച് വര്‍ഷത്തില്‍ 200 കോടിയാണ് പിന്‍വലിച്ചത്. ഇത്ര ചെറിയ കാലത്ത് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതിന് പിന്നില്‍ ബാങ്ക് പ്രതിസന്ധി അറിയുന്നവരുടെ ഇടപെടലുള്ളതായും അവര്‍ വേണ്ടപ്പെട്ടവരെ സഹായിച്ചുവെന്നും ഇ.ഡി. കരുതുന്നു.
സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കുന്നതാണ് എ.സി. മൊയ്തീന്റെ വീട്ടില്‍ നടന്ന ഇ.ഡി. റെയ്ഡ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉയര്‍ന്നുവന്ന കാലത്ത് ഭരണസമിതി സി.പി.എമ്മിന്റേതായിരുന്നു.
ചില നേതാക്കള്‍ക്കുനേരെ നടപടിയെടുത്ത് പാര്‍ട്ടി മുഖംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഭരണസമിതിക്കാരെയെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബാങ്കിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട ജീവനക്കാരും പാര്‍ട്ടിയുടെ ഭാരവാഹികളായിരുന്നു. മുഖ്യപ്രതികളായ മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ കെ.എം. ബിജു കരീം എന്നിവര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും അക്കൗണ്ടന്റ് സി.കെ. ജില്‍സ് പാര്‍ട്ടിയംഗവുമായിരുന്നു. കമ്മിഷന്‍ ഏജന്റ് കിരണ്‍ പാര്‍ട്ടിയുടെ ഒത്താശയോടെയാണ് ഈ സ്ഥാനത്ത് എത്തിയത്.
തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ ജില്ലാെസക്രട്ടേറിയറ്റംഗമായിരുന്ന സി.കെ. ചന്ദ്രനെ പുറത്താക്കി. ഇതേവരെ തിരിച്ചെടുത്തില്ല. എന്നാല്‍, തരംതാഴ്ത്തപ്പെട്ടവരെ ഒരു വര്‍ഷത്തിനുേശഷം തിരികെ പഴയസ്ഥാനങ്ങളിലേക്ക് എടുത്തു.
ക്രമക്കേട് ഉയര്‍ന്ന കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്നു മൊയ്തീന്‍. തട്ടിപ്പിനെക്കുറിച്ച് ജില്ലാ നേതൃത്വത്തിന് പരാതി കിട്ടിയെങ്കിലും കാര്യമായെടുത്തില്ല. പിന്നീട് പാര്‍ട്ടിയുടെ രണ്ടംഗ അന്വേഷണസംഘം നല്‍കിയ ഗുരുതര ക്രമക്കേടെന്ന റിപ്പോര്‍ട്ടും പൂഴ്ത്തപ്പെട്ടു.
ഇതുസംബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനതലത്തില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് മൊയ്തീന്‍ മന്ത്രിയായി. ഈ പരാതി നിലനില്‍ക്കെതന്നെ പ്രതികളായ ബിജു കരീം, സി.കെ. ജില്‍സ് എന്നിവരുടെ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിനും എത്തിയത് വിവാദമായിരുന്നു.
എന്നാല്‍, 22 മണിക്കൂറിലധികം സമയം മാധ്യമങ്ങളെ ഉള്‍പ്പെടെ കാത്തുനിര്‍ത്തി തന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന ആസൂത്രിതവും അജണ്ടയുടെ ഭാഗവുമെന്ന് എ.സി.മൊയ്തീന്‍ എംഎല്‍എ പറഞ്ഞു.
ഇന്നലെ രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ പൂര്‍ത്തിയാക്കി ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ്, ഇഡി പരിശോധന അജണ്ടയുടെ ഭാഗമാണെന്ന് എ.സി.മൊയ്തീന്‍ ആരോപിച്ചത്.
വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായി അദ്ദേഹം അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.