ഉമ്മന്‍ചാണ്ടി സഹായിച്ചതിനെക്കുറിച്ച് പറഞ്ഞു; ജീവനക്കാരിയെ പുറത്താക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ചാനലുകള്‍ക്ക് മുന്നില്‍ നല്ലത് പറഞ്ഞതിന് 11 വര്‍ഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തിയതായി പരാതി. ഉമ്മന്‍ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം മാധ്യമങ്ങളോട് പറഞ്ഞതിനുശേഷമാണ് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കിയത്.

കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്ന പുതുപ്പള്ളി സ്വദേശി സതിയമ്മ (52)യ്ക്കാണു 11 വര്‍ഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു.

ഞായറാഴ്ച ചാനല്‍ ഇതു സംപ്രേഷണം ചെയ്തു. ഇന്നലെ ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടര്‍ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു.

വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. 4 വര്‍ഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണു മാസവേതനം.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലാണ് ഈ മൃഗാശുപത്രി. സതിയമ്മയുടെ ഭര്‍ത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോള്‍ ജോലിക്കു പോകാന്‍ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായം മറക്കാന്‍ കഴിയാത്തതിനാല്‍ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments