News

കടത്തിൻറെ കൂടെ നികുതി കുടിശ്ശികയും, ബൈജൂസിന് വീണ്ടും പ്രഹരം

ബാംഗ്ലൂർ: വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന് കനത്ത പ്രഹരമായി നികുതി കുടിശിക. 848 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്ന് കേന്ദ്ര – കര്‍ണാടക നികുതി വകുപ്പുകള്‍ എജ്യുടെക് കമ്പനിയായ ബൈജൂസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് കമ്പനിക്ക് കനത്ത പ്രഹരമാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ നികുതി വകുപ്പ് 157 കോടി രൂപ കുടിശ്ശിക ആവശ്യപ്പെട്ടാണ് ബൈജൂസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം ബൈജൂസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കര്‍ണാടക സ്റ്റേറ്റ് നികുതി വകുപ്പും കമ്പനിയോട് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 691 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കാനാണ് സംസ്ഥാന നികുതി വകുപ്പ് നോട്ടീസ് നൽകിയത്. അതായത്, കര്‍ണാടക – കേന്ദ്ര നികുതി വകുപ്പുകളിലേക്ക് 850 കോടിയോളം രൂപ നികുതി ബൈജൂസ് നല്‍കേണ്ടി വരും.

കോടതി നിയമിച്ച പങ്കജ് ശ്രീവാസ്തവയാണ് ഇപ്പോള്‍ ബൈജൂസ് കൈകാര്യം ചെയ്യുന്നത്. ബൈജൂസില്‍ നിന്നും ലഭിക്കാനുള്ള കുടിശ്ശികകള്‍ കിട്ടാൻ ക്ലെയിമുകള്‍ സമര്‍പ്പിക്കാന്‍ വായ്പാ ദാതാക്കള്‍ , ജീവനക്കാര്‍, വെണ്ടര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് ശ്രീവാസ്തവ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ 12,500 കോടി രൂപയുടെ ക്ലെയിമുകള്‍ കടക്കാരുടെ ഭാഗത്ത് നിന്ന് സമര്‍പ്പിച്ചിട്ടുണ്ട്. ബൈജൂസ് പണം നൽകാനുള്ള 1,887 പേരാണ് ക്ലയിം നൽകിയിട്ടുള്ളത്. ഈ ക്ലെയിമുകൾ പരിശോധിച്ചുകൊണ്ട് ഇരിക്കുകയാണ്.

കോവിഡിന് ലോക് ഡൗൺ സമയത്ത് പെട്ടെന്ന് വളർച്ച കൈവരിച്ച കമ്പനി ആയിരുന്നു ബൈജൂസ്‌. എന്നാൽ കൊറോണയ്ക്ക് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യം കമ്പനിയെ തകർച്ചയിലേക്ക് നയിച്ചു. ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് സ്ഥാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി വലിയ തോതിലുള്ള വിദേശ നിക്ഷേപം നേടിയിരുന്നു. ബൈജൂസ്‌ ഏകദേശം 1.8 ലക്ഷം കോടി മൂല്യമുള്ള കമ്പനിയായി വളര്‍ന്ന ബൈജൂസിന്‍റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *