തിരുവനന്തപുരം: ഇനി ഒരു വട്ടം കൂടി സി പി എം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർടി സഖാക്കളോട് പറയാറുണ്ടെന്ന് കവി സച്ചിദാനന്ദൻ. അങ്ങിനെ സംഭവിച്ചാൽ പാർടിയുടെ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർ ഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു. ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തതിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പോലീസിന് അമിതാധികാരം നൽകുന്നത് ആപത്താണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
കേരളത്തിൽ മുമ്പൊരിക്കലും കാണാത്ത വിധം സി പി എമ്മിൽ വ്യക്തിപൂജ വളരെ ശക്തമായി കാണാനുണ്ട്. വീരാരാധന കമ്യൂണിസ്റ്റ് പാർടിയെ തകർക്കുമെന്ന് ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. സ്റ്റാലിൻ്റെ കാലത്ത് സംഭവിച്ചത് അതാണ്.
സ്റ്റാലിനേയും സ്റ്റാലിനിസത്തേയും സി പി എം എതിർക്കാനും വിമർശിക്കാനും തയ്യാറായില്ലെങ്കിൽ പാർടിയെ നശിപ്പിക്കുന്ന വിധത്തിൽ വ്യക്തി ആരാധന പിടിമുറുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഇപ്പോഴും സ്റ്റാലിനിസത്തിൻ്റെ തടവറയിലാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഏകാധിപത്യ, ജനാധിപത്യ വിരുദ്ധ സ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ് സ്റ്റാലിനിസം. ആ നിലപാടുകൾ പ്രസ്ഥാനങ്ങളേയും രാഷ്ട്രീയ പാർടികളേയും നാശത്തിലേക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ദിന പത്രത്തിന് (The New Indian Express) നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തീവ്ര
വലതു വൽക്കരണം നമ്മുടെ മുമ്പിൽ സംഭവിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കാൻ ശ്രമിക്കുന്നതും വലതു വൽക്കരണത്തിൻ്റെ ഭാഗമാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.