NationalNews

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് MBBS വിദ്യാർഥികൾ മുങ്ങി മരിച്ചു

കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് MBBS വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇവർ.

തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച കന്യാകുമാരിയിൽ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കോളേജിൽ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്. ഞായറാഴ്ച ചെന്നൈയിൽ നിന്നുള്ള മറ്റ് മൂന്ന് പേർ മറ്റൊരു ബീച്ചിൽ മുങ്ങിമരിച്ചിരുന്നു.

സംഭവസ്ഥലത്തും, ആശുപത്രിയിലും ജില്ലാ പൊലീസ് മേധാവി സുന്ദരവധനം നേരിൽ എത്തി പരിശോധന നടത്തി. തുടർന്ന് ബീച്ച് താൽക്കാലികമായി അടയ്ക്കുകയും, വിനോദസഞ്ചാരികൾക്ക് ബീച്ചിലേക്ക് ഇറങ്ങാൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *