
58 കീഴുദ്യോഗസ്ഥരെ ലൈംഗീകമായി പീഡിപ്പിച്ചു; “സുന്ദരിയായ ഗവർണർ” അറസ്റ്റിൽ; 13 വർഷം തടവും പിഴയും
ബീജിംഗ് : സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് പ്രകാരം 58 കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഏകദേശം 60 ദശലക്ഷം യുവാൻ (8.5 മില്യൺ യുഎസ് ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്ത വനിതാ ഉദ്യോഗസ്ഥക്കെതിരെ നടപടി.
തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള കുപ്രസിദ്ധ വനിതാ ഉദ്യോഗസ്ഥ സോങ് യാങിനാണ് 13 വർഷം തടവും ഒരു മില്യൺ യുവാനും (140,000 യുഎസ് ഡോളർ) ചൈനീസ് കോടതി പിഴ വിധിച്ചത്.
മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ആഗ്രഹത്തോടൊപ്പം, സോങ് തൻ്റെ പുരുഷ കീഴുദ്യോഗസ്ഥരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കിയിരുന്നു. ചില പുരുഷന്മാർ അവൾ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ചൂഷണത്തിന് വഴങ്ങിക്കൊടുത്തത്. സോങ്ങിന് 58 കാമുകന്മാരുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളിൽ പതിവായി ഇവരെ കാണാറുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവർ , 22-ആം വയസ്സിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഒടുവിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിൻ്റെ (NPC) ഡെപ്യൂട്ടി റാങ്കിലേക്ക് ഉയർന്നു. ആകർഷകമായ രൂപത്തിന് പേരുകേട്ട സോങ് , അവരുടെ ഭരണകാലത്ത് “സുന്ദരിയായ ഗവർണർ” എന്നാണ് വിശേഷിപ്പിക്കപ്പെട്ടത് . കുട്ടികളില്ലാത്ത സോങ് ഒരിക്കൽ പോലും വിവാഹവും കഴിച്ചിട്ടില്ല.
ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് , ഗുയിഷൗ (Guizhou) ഗവൺമെൻ്റ് സോങ്ങിനെതിരെ അന്വേഷണം ആരംഭിച്ചത് . ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 വർഷത്തെ തടവിനും ഒരു മില്യൺ യുവാൻ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ എൻപിസിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബർ 1 ന്, ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.