
ലഹരിമരുന്ന് കേസിൽ നടി പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 നും 11 നുമാണ് പ്രയാഗയോടും ശ്രീനാഥ് ഭാസിയോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ പി രാജകമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുക. മരട് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇരുവരുടെയും വീടുകളിൽ നൽകിയിട്ടുണ്ട്.
നടി പ്രയാഗ മാര്‍ട്ടിനും നടന് ശ്രീനാഥ് ഭാസിയും എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ഇരുവരും എത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരെ കൂടാതെ ഇരുപത് പേര് വേറെയുമുണ്ടായിരുന്നു. ഹോട്ടൽ മുറിയിലെ ഫോറൻസിക് പരിശോധന ഫലം റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കേസിൽ ഗുണ്ടാ സംഘവുമായി ബന്ധമുള്ള മൂന്നു പേരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.