
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ബുധനാഴ്ച പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര പരിശീലന ക്യാമ്പുകൾ ഇന്ത്യ തകർത്തതായി അദ്ദേഹം സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി.
പാകിസ്താനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷമുള്ള സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന സർവകക്ഷിയോഗത്തിലാണ് രാജ്നാഥ് സിംഗ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. രാജ്നാഥ് സിംഗിന് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരും വിവിധ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള അതിർത്തിയിലെ സ്ഥിതിഗതികളും യോഗത്തിൽ ചർച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്രമന്ത്രിമാർ വായിച്ചു. സർവകക്ഷി യോഗത്തിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അജിത് ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും ഒമ്പത് ഭീകര പരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്. പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത്.
മിസൈൽ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ വലിയ ഷെൽ ആക്രമണം നടത്തി. പാക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ അറിയിച്ചിരുന്നു.