
മെഡിസെപ്: പ്രീമിയം തുക കൂട്ടും! പരിഷ്കരണ റിപ്പോർട്ട് ഈമാസം
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിലെ ചികിത്സാ പാക്കേജുകൾ പുതുക്കാൻ തീരുമാനം. മൂന്ന് വർഷ കാലാവധിയിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ കരാർ ജൂണിൽ അവസാനിക്കുകയാണ്. ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പാക്കേജ് പരിഷ്‌കരണത്തിന്റെ റിപ്പോർട്ട് 2 ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കാനാണ് സാധ്യത. ഇത് പരിശോധിച്ചായിരിക്കും പ്രീമിയം തുക നിശ്ചയിക്കുക.
നിലവിൽ മാസം 500 രൂപയാണ് പ്രീമിയം. പാക്കേജ് രൂപീകരിച്ച ശേഷം ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തും. സ്വകാര്യ കമ്പനികൾക്ക് കരാർ കൊടുക്കേണ്ടെന്നാണ് മൂന്ന് വർഷം മുൻപു നിശ്ചയിച്ചത്. അതിൽ മാറ്റം വരുത്തണമെന്ന ശുപാർശയിൽ തീരുമാനമുണ്ടാകും. ജീവനക്കാരും കുടുംബാംഗങ്ങളും ആശ്രിതരും ഉൾപ്പെടെ 30.82 ലക്ഷം പേരാണു പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഈ വർഷം ജൂലൈ ഒന്നിന് ആരംഭിക്കേണ്ട പുതിയ ഘട്ടത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ ചെയർമാൻ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ആണ്. മെഡിസെപ് പദ്ധതിയിലെ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുന്നതിനും പുതുക്കുന്നതുമാണ് ഈ സമിതിയുടെ പ്രധാന ചുമതല.
പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പാക്കേജ് മുതൽ പ്രീമിയം വരെ വിവിധ കാര്യങ്ങൾ പരിഷ്‌കരിച്ച ശേഷം കരാർ ക്ഷണിക്കണം. പക്ഷേ നടപടികളെല്ലാം മന്ദഗതിയിലാണ്. ഇപ്പോഴത്തെ കരാറിൽ പല പാക്കേജുകളും പൂർണമല്ലെന്നതിനാൽ പലരും സ്വന്തം ചെലവിൽ ചികിത്സിക്കേണ്ടി വരുന്നതിനെപ്പറ്റി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. കോവിഡിനു ശേഷം ഒട്ടേറെ രോഗങ്ങളുടെ ചികിത്സാ രീതി മാറി. പരിശോധനകളും വർധിച്ചു. ഇവയെല്ലാം പരിഗണിച്ചേ പുതിയ പാക്കേജുകൾ തയാറാക്കാൻ പറ്റൂ. കൂടുതൽ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പിൽ എംപാനൽ ചെയ്യണം. പ്രധാനപ്പെട്ട ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പദ്ധതിയുമായി സഹകരിക്കുന്നില്ല. ഇതിനായി മാനേജ്‌മെന്റുകളോടുള്ള ചർച്ചയും പുരോഗമിക്കുന്നില്ല.