
മുഖ്യമന്ത്രിയുടെ ഓഫീസിന് പുതിയ എ.സി; 3.18 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‌റെ ഓഫിസിന് പുതിയ എ.സി വാങ്ങാൻ 3.18 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം അനുവദിച്ചത്. 33 പേഴ്‌സണൽ സ്റ്റാഫുകളാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉള്ളത്.
ഏറ്റവും കൂടുതൽ പേഴ്‌സണൽ സ്റ്റാഫുള്ള കേരള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനവും പിണറായിക്ക് തന്നെ. ഇന്നലെയാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
പേഴ്സണൽ സ്റ്റാഫിന് യാത്ര ബത്ത 7 ലക്ഷം രൂപ
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് യാത്ര ബത്തയായി അധിക ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് യാത്ര ബത്തയായി 7 ലക്ഷം രൂപയുടെ അധിക ഫണ്ട് കെ.എൻ. ബാലഗോപാൽ അനുവദിച്ചു.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. പണം അനുവദിച്ച് ധനവകുപ്പിൽ നിന്ന് ഇന്ന് ( മാർച്ച് 3) ഉത്തരവ് ഇറങ്ങി. മന്ത്രിമാരുടെ സ്റ്റാഫിൻ്റെ യാത്ര ബത്തക്കായി ബജറ്റിൽ 35 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
ഈ തുക പൂർണ്ണമായും ചെലവായതോടെയാണ് 7 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് ശമ്പളവും അലവൻസുകളും നൽകാൻ 47 കോടി രൂപയാണ് ഒരു വർഷം വേണ്ടത്.