CrimeNational

പോലീസ് ഉദ്യോഗസ്ഥയെ ഡാർലിങ് എന്നു വിളിച്ചയാള്‍ക്ക് 3 മാസം തടവും പിഴയും; അന്യ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കല്‍

കൊല്‍കത്ത: അന്യസ്ത്രീകളെ ഡാർലിങ് എന്ന് അഭിസംബോധന ചെയ്യുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് കല്‍കട്ട ഹൈക്കോടതി.

പരിചയമില്ലാത്ത സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 എ, 509 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും ജസ്റ്റിസ് ജയ് സെന്‍ ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

ജനക് റാം എന്നയാള്‍ മദ്യാസക്തിയില്‍ ഡ്യൂട്ടിക്കിടെ തന്നെ ‘ഡാര്‍ലിങ്’ എന്നു വിളിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഒരു സ്ത്രീയെ, അവര്‍ പോലീസ് ഉദ്യോഗസ്ഥയോ മറ്റാരെങ്കിലുമോ ആവട്ടെ, മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ ‘ഡാര്‍ലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. തത്കാലം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു അപരിചിതന് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ അനുവാദമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *