CinemaNews

നയൻതാരയുടെ മാറ്റത്തിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയോ

ലേഡി സൂപ്പർസ്റ്റാറായ നയൻതാര എന്നും തന്റെ ഫിറ്റ്നെസിനും സൗന്ദര്യത്തിനും വലിയ പ്രാധാന്യം നൽകുന്ന താരമാണ്. ഒപ്പം ഓരോ സിനിമയിലും തന്റെ ലുക്ക് വ്യത്യസ്തമാകാൻ താരം ശ്രമിക്കാറുണ്ട്. കോസ്റ്റ്യൂമിലും മേക്കപ്പിലുമെല്ലാം വളരെ ശ്രദ്ധ കൊടുക്കുന്ന ന‌‌ടിക്ക് ഇത് കരിയറിൽ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. അഭിനയത്തേക്കാളുപരി നയൻതാരയുടെ കാര്യത്തിൽ ഏവരും എടുത്ത് പറയുന്നത് താരത്തിന്റെ കണ്ണഞ്ചിക്കുന്ന സ്ക്രീൻ പ്രസൻസാണ്.

2003 ൽ അരങ്ങേറ്റ ചിത്രം മനസിനക്കരെയിൽ കണ്ട നയൻതാരയിൽ നിന്നും ഇന്നത്തെ നയൻതാരയ്ക്ക് ഏറെ വ്യത്യാസമുണ്ട്. തുടക്ക കാലത്ത് വണ്ണമുണ്ടായിരുന്ന നടി പിന്നീട് വണ്ണം കുറച്ചു. 2010 ന് ഇങ്ങോട്ട് നയൻതാരയ്ക്ക് വന്ന മാറ്റമാണ് എടുത്ത് പറയേണ്ടത്. അതിനാൽ തന്നെ നടിയുടെ ഇന്നത്തെ ലുക്കിന് പിന്നിൽ ഒന്നിലേറെ കോസ്മെറ്റിക് സർജറികളുണ്ടെന്ന വാദം ശക്തമാണ്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന പല കോസ്മെറ്റോളജിസ്റ്റുകളും ഇങ്ങനെയൊരു വാദം ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വർഷങ്ങളായി പ്രചരിച്ച് കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് നയൻതാര. താൻ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്നാണ് നയൻതാര പറയുന്നത്. തന്റെ പുരികത്തിന് വരുന്ന മാറ്റങ്ങളാകാം ഇതിന് കാരണം. ഐ ബ്രോ മേക്കപ്പ് വളരെ ഇഷ്ടമാണ്. അത് പെർഫെക്ടാക്കാൻ സമയമെടുക്കും. കാരണമത് യഥാർത്ഥ ​ഗെയിം ചേഞ്ചറാണ്. ഇത്രയും വർഷങ്ങൾക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകൾ ചെയ്തിട്ടുണ്ടെന്നും നയൻ‌താര പറയുന്നു.

ഒരുപക്ഷെ അത് കൊണ്ടായിരിക്കാം മുഖത്ത് മാറ്റങ്ങൾ വരുന്നുണ്ടെന്നും ഞാൻ മാറുന്നുണ്ടെന്നും ആളുകൾ പറയുന്നത്. ഞാനെന്റെ മുഖത്ത് എന്തോ ചെയ്തെന്ന് ഒരുപാട് ആളുകൾ പറയുന്നതിന് കാരണവും അതായിരിക്കും. പക്ഷെ ഓൺ റെക്കോഡായി ഞാൻ പറയുകയാണ്, അത് സത്യമല്ല. കോസ്മെറ്റിക് സർജറി തെറ്റാണെന്നല്ല. പക്ഷെ ഡയറ്റിം​ഗാണ് മാറ്റത്തിന് കാരണം. ശരീരഭാരം ഇടയ്ക്കിടെ കൂടുകയും കുറയുകയും ചെയ്തതിനാൽ കവിൾ ചാടാനും ഒട്ടാനും തുടങ്ങി. നിങ്ങൾക്കെന്നെ നുള്ളി നോക്കാം, പ്ലാസ്റ്റിക് ഇല്ലെന്ന് മനസിലാകുമെന്നും നയൻതാര ചിരിയോടെ പറഞ്ഞു.

തന്റെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നയൻതാര അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. നയൻതാരയു‌ടെ തുറന്ന് പറച്ചിൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾ വളരെ പ്രകടമാണ്. ചുണ്ടുകളും കവിൾത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്മെറ്റോളജിസ്റ്റുകൾ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. എന്തായാലും ഡയറ്റിം​ഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *