KeralaPolitics

ഷാഫിയെ തകർക്കാൻ സിപിഎം കുതന്ത്രങ്ങൾ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങുന്ന സിപിഎമ്മിന് നിലവിൽ പ്രധാന ശത്രുക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വടകര എംപി ഷാഫി പറമ്പിൽ, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ്. പാലക്കാട് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് വോട്ടുപിടിക്കുന്നതിന് പകരം സിപിഎം ചെയ്യുന്നത് കോൺഗ്രസിലെ മൂന്ന് നേതാക്കളെ കുറ്റം പറയുക എന്നതാണ് ഇപ്പോൾ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവർത്തനം.

ഇതിൽ തന്നെ വടകരയിൽ കെകെ ഷൈലജയെ തോൽപ്പിച്ച ഷാഫി പറമ്പിലിന്റെ തട്ടകത്തിൽ അദ്ദേഹത്തിന് തിരിച്ചടി കൊടുക്കാനുള്ള വ്യഗ്രതയിലാണ് സഖാക്കൾ. വടകരയിൽ പയറ്റി പരാജയപ്പെട്ട ആയുധങ്ങളൊക്കെ പാലക്കാട്ടും സിപിഎം ഇടയ്ക്കും മുറയ്ക്കും പുറത്തെടുക്കുന്നുണ്ട്. അതിലൊന്നായിരുന്നു കോൺഗ്രസിന്റെ കത്ത്. കോൺഗ്രസിൽ നിന്ന് സീറ്റ് കിട്ടാതെ സിപിഎമ്മിൽ ചേർന്ന് മത്സരിക്കുന്ന പി സരിനെ ഉപയോഗിച്ച് വിഡി സതീശൻ, ഷാഫി, രാഹുൽ എന്നിവർക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പുരോഗമിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ ഷാഫി പറമ്പിൽ നിർദ്ദേശിച്ചുവെന്നതാണ് ദേശാഭിമാനിക്കും കൈരളിക്കും വലിയ വാർത്ത. പക്ഷേ, പാർട്ടിക്കുള്ളിൽ ഒരു നിർദ്ദേശം വെക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് സഖാക്കൾക്ക് മറുപടിയൊന്നുമില്ല..

ജില്ലയിൽ ഷാഫിയെ വിമർശിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകരെ ചാക്കിട്ട് പിടിച്ച് വാർത്താ സമ്മേളനം വഴി ഓരോന്ന് പറയിച്ചതിന് പിന്നിൽ സിപിഎം പാലക്കാട് ജില്ലാ നേതാക്കളാണെന്ന് ഇപ്പോൾ പുറത്തുവരികയാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി സരിന് 24 മണിക്കൂറിനകം സീറ്റ് നൽകിയത് പെട്ടെന്നുണ്ടായ നടപടിയല്ലെന്ന് കേഡർ പാർട്ടിയായ സിപിഎമ്മിനെ അറിയുന്നവർക്ക് മനസ്സിലാകും. പിന്നീട് ഷാനിബ് എന്ന ജില്ലാ നേതാവിനെ രംഗത്തിറക്കിയായി സതീശനെയും കൂട്ടരെയും ആക്ഷേപിക്കൽ. ഇപ്പോഴിദ്ദേഹം സിപിഎമ്മിന് വേണ്ടി വോട്ടുതേടുന്ന തിരക്കിലാണ് എന്നത് മറ്റൊരു കാര്യം.

ഇങ്ങനെ പാലക്കാടിനെ ലക്ഷ്യം വെച്ച് മാത്രം കഥകൾ തയ്യാറാക്കി നാടകം പൊടിപൊടിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഒറ്റ ലക്ഷ്യം മാത്രം സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന വിഡി സതീശനെയും വടകരയിൽ സഖാക്കളുടെ പ്രിയപ്പെട്ട കെകെ ഷൈലജയെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച ഷാഫി പറമ്പിലിനെയും പരമാവധി താറടിക്കുക. പക്ഷേ, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

സിപിഎമ്മിന്റെ വ്യക്തി വിരോധത്തെ രാഷ്ട്രീയം പറഞ്ഞാണ് കോൺഗ്രസ് നേരിടുന്നത്. സർക്കാർ വിരുദ്ധ വികാരം, നവീൻ ബാബുവിന്റെ മരണം, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങളിൽ സിപിഎം പ്രതിരോധത്തിലാകുമ്പോഴൊക്കെ നേതാക്കളെ ആക്ഷേപിക്കുന്ന ഒരു ക്യാപ്‌സൂൾ പ്രചരിപ്പിക്കുന്നത് എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *