
കൈക്കൂലികൊണ്ട് ആറാടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ; ആർടി ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, ഏജന്റുമാരിൽ നിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപ്പറേഷൻ ക്ലീൻ വീൽസ്’ എന്ന് പേരിട്ട പരിശോധനയിൽ, ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി സൂക്ഷിച്ച പണമാണിതെന്ന് വിജിലൻസ് സംശയിക്കുന്നു. 17 റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജ്യണൽ ഓഫീസുകളിലുമായിരുന്നു ഒരേസമയം പരിശോധന.
ഓഫീസുകളിൽ എത്താതെ തന്നെ 17 പ്രധാന സേവനങ്ങൾ ഓൺലൈനായി നൽകുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രഖ്യാപനം വെറും പാഴ്‌വാക്കാണെന്നും, ഏജന്റുമാർ വഴിയല്ലാതെ എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ അകാരണമായി താമസിപ്പിക്കുകയാണെന്നും പരിശോധനയിൽ വ്യക്തമായി.
കൈക്കൂലിപ്പണം യുപിഐ വഴി, വലിച്ചെറിഞ്ഞും ഒളിപ്പിച്ചും
വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ്, നിലമ്പൂർ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപ കണ്ടെത്തി. വൈക്കം ഓഫീസിൽ ജനലിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെടുത്തു.
ഇതിന് പുറമെ, 21 ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്ന് യുപിഐ വഴി 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിയുടെ പ്രഖ്യാപനം പാഴായി
അപേക്ഷകൾ അഞ്ച് ദിവസത്തിനകം തീർപ്പാക്കിയില്ലെങ്കിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം നിലനിൽക്കെയാണ് ഈ ക്രമക്കേടുകൾ. അഴിമതി ഇല്ലാതാക്കാനായി കൊണ്ടുവന്ന ‘ഫെയ്‌സ്‌ലെസ്’ സേവനങ്ങളെ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്ന് അട്ടിമറിക്കുകയായിരുന്നു. ഏജന്റുമാർ നൽകുന്ന അപേക്ഷകൾക്ക് മുൻഗണന നൽകുന്നതായി വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
‘ഓപ്പറേഷൻ ക്ലീൻ വീൽസിന്റെ’ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും, ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.