KeralaNews

സ്വാതന്ത്ര്യദിന പരേഡില്‍ അതിഥികളാകാന്‍ കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍

നാളെ, ഓഗസ്റ്റ് 15ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ നാല് കുടുംബശ്രീ അംഗങ്ങള്‍ ഡല്‍ഹിയില്‍. തൃശ്ശൂര്‍ സ്വദേശിനി സൗമ്യ ബിജു, എറണാകുളം സ്വദേശിനി നതാഷ ബാബുരാജ്, പാലക്കാട് സ്വദേശിനി ശ്രീവിദ്യ. ആര്‍, കാസര്‍ഗോഡുകാരി സില്‍ന കെ.വി എന്നിവരാണ് ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്.

ഒരു ലക്ഷം വാര്‍ഷിക വരുമാനം സ്വന്തമാക്കുന്ന ‘ലാക്പതി ദീദി’, ഡ്രോണ്‍ പരിശീലനം നേടിയ ‘ഡ്രോണ്‍ ദീദി’ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് വീതമാണ് ഈ അവസരം നല്‍കിയത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

വരന്തരപ്പള്ളി പുതിയമഠത്ത് വീട്ടിലെ സൗമ്യയുടെ പ്രധാന വരുമാന മാര്‍ഗ്ഗം പച്ചക്കറികൃഷിയും പശു, ആട് വളര്‍ത്തല്‍ എന്നിവയുമാണ്. ജീവ അയല്‍ക്കൂട്ടാംഗമാണ് സൗമ്യ. കൂണ്‍ കൃഷിയും തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമാണ് എടക്കാട്ടുവയലിലെ ഇടപ്പറമ്പില്‍ വീട്ടിലെ നതാഷ ബാബുരാജിന്റെ ഉപജീവന മാര്‍ഗ്ഗം. കീര്‍ത്തി മഷ്‌റൂം എന്ന സംരംഭമാണ് നതാഷയുടേത്. ഇരുവരും ‘ലാക്പതി ദീദി’ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

അതേസമയം കിഴക്കേത്തറ അടിച്ചിറത്തില്‍ ശ്രീവിദ്യയും കാഞ്ഞങ്ങാട് മാണികോത്ത് സില്‍നയും ഡ്രോണ്‍ ദീദി പരിശീലനം നേടിയവരാണ്. അഹല്യ അയല്‍ക്കൂട്ടാംഗമായ ശ്രീവിദ്യയും ജ്വാല അയല്‍ക്കൂട്ടാംഗമായ സില്‍നയും വിദഗ്ധ പരിശീലനം നേടി ഡ്രോണ്‍ ലൈസന്‍സ് സ്വന്തമാക്കിയവരുമാണ്. കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഡ്രോണ്‍ ദീദിമാര്‍ ചെയ്യുന്നത്.

നാല് അയല്‍ക്കൂട്ടാംഗങ്ങളും അവരുടെ പങ്കാളികളും കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ പ്രോഗ്രാം മനേജരായ ഡോ. ഷമീന പി.എന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ചിഞ്ചു ഷാജ് എന്നിവരുള്‍പ്പെട്ട സംഘം സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *