BookEditor's ChoicePolitics

അവന്‍ കട്ടു, അതുകൊണ്ട് കട്ടൗട്ട് വെച്ചു: തെരഞ്ഞെടുപ്പിന് കേരളത്തിലാദ്യമായി കട്ടൗട്ട് വെച്ച പി.സി. ചാക്കോയെക്കുറിച്ച്…

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍. സീറ്റ് ഉറപ്പിക്കാന്‍ ഒരു കൂട്ടം നേതാക്കളുടെ ഓട്ടം, സീറ്റ് പിടിക്കാന്‍ മറ്റൊരു കൂട്ടര്‍. സീറ്റ് കിട്ടിയാല്‍ പ്രചാരണം കെങ്കേമം ആക്കാന്‍ കോടികള്‍ കണ്ടെത്തണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രചരണത്തിന് കോടികള്‍ കണ്ടെത്താന്‍ വിഷമമില്ല. മറ്റ് പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയുടെ പണക്കൊഴുപ്പിനോട് ഏറ്റുമുട്ടാനുള്ള ത്രാണിയും ഇല്ല. സീറ്റ് പ്രതീക്ഷ ഇല്ലാത്ത കേരളത്തില്‍ പ്പോലും ബി.ജെ.പി പ്രചരണം കെങ്കേമം ആക്കും.

ചിരിക്കാത്ത സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പ് ആയാല്‍ ചിരിക്കും. സ്ഥാനാര്‍ത്ഥികളുടെ ചിരിക്കുന്ന കട്ടൗട്ടുകള്‍ കൊണ്ട് കേരളം നിറയും. മറ്റ് സംസ്ഥാനങ്ങളില്‍ കട്ടൗട്ടുകള്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചെങ്കിലും കേരളത്തില്‍ കട്ടൗട്ട് സംസ്‌കാരം എത്തിയത് പിന്നിടാണ്.

1982 ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ കട്ടൗട്ട് ഇടം പിടിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിനെ കൈ പിടിച്ച് നടത്തുന്ന പി.സി ചാക്കോയാണ് കേരളത്തില്‍ കട്ടൗട്ട് സംസ്‌കാരം തുടങ്ങിയത്. ഡോ.ഡി. ബാബുപോളിന്റെ പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ എന്ന പുസ്തകത്തില്‍ പി.സി ചാക്കോയുടെ കട്ടൗട്ട് കഥ വിവരിക്കുന്നുണ്ട്.

പി.സി ചാക്കോ കട്ടൗട്ടിന്റെ ഉപജ്ഞാതാവ് എന്ന തലക്കെട്ടില്‍ ബാബുപോള്‍ എഴുതിയത് ഇങ്ങനെ ‘ കേരളത്തിലെ കട്ടൗട്ട് സംസ്‌കാരം തുടങ്ങിയത് ചാക്കോ ആണ്. 1982 ലെ തെരഞ്ഞെടുപ്പില്‍ ഷണ്‍മുഖം റോഡും മറൈന്‍ ഡ്രൈവും വഴിപിരിയുന്നിടത്ത് ആ പാലത്തിനരികില്‍ നിന്ന് ചാക്കോ ഒരുനാള്‍ മന്ദഹസിച്ച് കൈകൂപ്പാന്‍ തുടങ്ങി. ഉഗ്രന്‍ കട്ടൗട്ട്. എം.ജി.ആര്‍ ലൈന്‍.

എ.എല്‍ ജേക്കബ് ചേട്ടനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. പ്രചാരണം ചൂട് പിടിച്ച് വരുന്ന സമയം. ജേക്കബ് ചേട്ടന്‍ കലൂര്‍ ഭാഗത്ത് ഒരു യോഗത്തിന് ചെന്നപ്പോള്‍ അവിടെ ഉള്ള പ്രവര്‍ത്തകര്‍ പറഞ്ഞു ‘ കണ്ടില്ലേ , ചാക്കോയുടെ കട്ടൗട്ട്? നമ്മുക്കും വേണ്ടേ ചേട്ടാ കട്ടൗട്ട്?’. ചേട്ടന്‍ തനി കാരണവരായി ഇങ്ങനെ പറഞ്ഞു ‘എടാ പിള്ളാരെ അവന്‍ കട്ടു. അത് ഔട്ടായി. അതുകൊണ്ട് അവന്‍ കട്ടൗട്ട് വച്ചു’.

എ.എല്‍. ജേക്കബ്

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായ പി.സി ചാക്കോ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എ.എല്‍. ജേക്കബിന് 38051 വോട്ട് കിട്ടിയപ്പോള്‍ കട്ടൗട്ടുമായി എത്തിയ ചാക്കോയ്ക്ക് കിട്ടിയത് 30869 വോട്ട്. 7182 വോട്ടിന് എ.എല്‍ ജേക്കബ് എറണാകുളം സ്വന്തമാക്കി ചാക്കോയേയും കട്ടൗട്ടിനേയും തോല്‍പ്പിച്ചു.

ഡി. ബാബുപോളിന്റെ പുസ്തകം

തോറ്റെങ്കിലും കട്ടൗട്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താരമായി. ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നു. ഇന്ദ്രപ്രസ്ഥത്തില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായി തിളങ്ങി. പിന്നിട് കോണ്‍ഗ്രസ് വിട്ട് ചാക്കോ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷ കസേരയിലെത്തി.

പിണറായിയെ ഉപദേശിച്ച് കാലം കഴിക്കുകയാണ് ചാക്കോ. ഇടക്ക് പി.എസ്.സി മെമ്പര്‍ സീറ്റ് ഒരെണ്ണം പിണറായി ചാക്കോയ്ക്ക് കൊടുക്കും. വനം വകുപ്പിന്റെ താക്കോല്‍ ഭദ്രമായി എ.കെ ശശീന്ദ്രനെ ഏല്‍പിച്ചിരിക്കുകയാണ്. ശശീന്ദ്രന്റെ ഭരണത്തില്‍ ചാക്കോയ്ക്ക് മാത്രമാണ് രക്ഷ.

പി.സി. ചാക്കോ

ജനങ്ങളെ വന്യമൃഗങ്ങള്‍ ഓടിച്ചിട്ട് കൊല്ലുകയാണ്. കൃഷി നശിപ്പിച്ചും പരിക്ക് ഏല്‍പിച്ചും വന്യമൃഗങ്ങള്‍ വിഹരിക്കുമ്പോള്‍ ചാക്കോയുടെ സംവിധാനത്തില്‍ ശശീന്ദ്രന്‍ ഭരണ സിരാകേന്ദ്രത്തില്‍ ഉറക്കത്തിലാണ്. 2014 ല്‍ ചാലക്കുടിയില്‍ ഇന്നസെന്റിനോട് മല്‍സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്ക് പ്രകാരം ചാക്കോയുടെ സമ്പാദ്യം 2.80 കോടിയാണ്. ചാക്കോയുടെ രാഷ്ട്രീയ കളികള്‍ തുടരുമ്പോഴും കട്ടൗട്ടിന്റെ ഉപജ്ഞാതാവായി ആയിരിക്കും ചാക്കോ കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *