KeralaNews

പിപി ദിവ്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ ; മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കും

കണ്ണൂർ : പിപി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം. കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന്‌ വാദം കേൾക്കും. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വാദം കേൾക്കുന്നത്. പോലീസിന് ലഭ്യമായ റിപ്പോർട്ടെല്ലാം പി പി ദിവ്യക്കെതിരാണെന്നാണ് പുറത്തു വരുന്ന വിവരം.

നവീൻ ബാബുവിനെ മനഃപൂർവം അപമാനിക്കാൻ പി പി ദിവ്യ യോഗത്തിലെത്തി എന്നാണ് പോലീസിന്റെ കണ്ടെത്തൽ. യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും നിർണായക തെളിവായി കോടതി പരിശോധിക്കും. അതേസമയം, അന്തരിച്ച നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേരുന്നുണ്ട്.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ഫയൽ വൈകിപ്പിച്ചു എന്നായിരുന്നു പി പി ദിവ്യയുടെയും ടി വി പ്രശാന്തിന്റെയും ആരോപണം. എന്നാൽ ടി വി പ്രശാന്തിന്റെ പരാതി സാധൂകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെയും ലഭ്യമായിട്ടില്ല. നവീൻ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം. കൂടാതെ കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ ഇത് വരെ മൊഴി കൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *