News

ചന്ദ്രയാൻ ശില്പി ഇനി ‘വിക്ര’മിന് വഴികാട്ടും; എസ്. സോമനാഥ് സ്കൈറൂട്ടിലേക്ക്; സ്വകാര്യ റോക്കറ്റ് കമ്പനിയുടെ ഉപദേഷ്ടാവ്

ചന്ദ്രയാൻ ദൗത്യത്തിന് ശേഷം പുതിയ ദൗത്യം

ഹൈദരാബാദ്: ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഇസ്രോ ചെയർമാൻ എസ്. സോമനാഥ് ഇനി സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വഴികാട്ടും. രാജ്യത്തെ പ്രമുഖ സ്വകാര്യ റോക്കറ്റ് നിർമ്മാണ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ ഓണററി ചീഫ് ടെക്നിക്കൽ അഡ്വൈസറായി (മുഖ്യ സാങ്കേതിക ഉപദേഷ്ടാവ്) അദ്ദേഹം ചുമതലയേറ്റു.

പുതിയ ദൗത്യം വിക്രം-1

ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി നിർമ്മിക്കുന്ന ആദ്യത്തെ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ ന്റെ വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന സ്കൈറൂട്ടിന് സാങ്കേതിക ഉപദേശങ്ങൾ നൽകുക എന്നതാണ് സോമനാഥിന്റെ പ്രധാന ദൗത്യം. 23 മീറ്റർ ഉയരമുള്ള വിക്രം-1, കാർബൺ-കോമ്പോസിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിക്ഷേപണ വാഹനമാണ്. ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനങ്ങളും ഇതിലുണ്ട്.

2022-ൽ ‘വിക്രം-എസ്’ എന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ബഹിരാകാശത്തെത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് മാറിയിരുന്നു.

സോമനാഥിന്റെ കരുത്തിൽ

എസ്. സോമനാഥ് ഇസ്രോയുടെ തലപ്പത്തിരിക്കുമ്പോഴാണ് ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായത്. ചന്ദ്രയാൻ-3 ന് പുറമെ, ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ-എൽ1, ചെലവുകുറഞ്ഞ വിക്ഷേപണ വാഹനമായ എസ്എസ്എൽവി, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് പരീക്ഷണം (RLV-LEX) തുടങ്ങിയ നിർണായക നേട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

സോമനാഥിന്റെ പുതിയ പദവി ഒരു ഓണററി സ്ഥാനമാണ്. മറ്റ് ഔദ്യോഗിക പദവികൾ വഹിക്കുന്നതിന് ഇത് തടസ്സമാകില്ല. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യയിലെ വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും.