HealthNews

എപ്രില്‍ 1 മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കും

ഏപ്രില്‍ ഒന്നുമുതല്‍ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങി അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിക്കും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിപിഎ) മാര്‍ച്ച് 27ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ എംആര്‍പിയുടെ 0.00551% മുതല്‍ വര്‍ദ്ധിക്കുന്നത്.

”വ്യാവസായിക വകുപ്പിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ മൊത്തവില സൂചിക (ഡബ്ല്യുപിഎ) അടിസ്ഥാനമാക്കിയാണ് വില വര്‍ദ്ധിക്കുന്നത്. അവശ്യമരുന്നുകളുടെ വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതോടെയാണ് കമ്പനികള്‍ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ വിലകൂട്ടുന്നത്.

കഴിഞ്ഞ വര്‍ഷം മരുന്ന് വില 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോഴുള്ള വര്‍ദ്ധനവ്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിന്‍ മരുന്നുകള്‍, കോവിഡ് ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800-ലധികം മരുന്നുകള്‍ പുതിയ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഷഡ്യൂള്‍ ചെയ്ത എല്ലാ മരുന്നുകളുടെയും ഡബ്ല്യുപിഐ ബാധിക്കുന്ന പുതുക്കിയ വിലയും പ്രൈസ് റെഗുലേറ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ നിര്‍ണായക മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *