NewsPolitics

ശിവൻകുട്ടിയുടെ പിൻഗാമി ആര്യ രാജേന്ദ്രൻ, തിരുവനന്തപുരത്ത് സിപിഎമ്മിന്റെ യുവമുഖങ്ങള്‍ അണിനിരക്കും; നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുങ്ങുന്നു

പ്രശാന്തും ആൻസലനും ശിവൻകുട്ടിയും പുറത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായതോടെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ പുതു തന്ത്രങ്ങളൊരുക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം. സിറ്റിംഗ് എംഎൽഎമാരിൽ പലരെയും മാറ്റി, പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലങ്ങൾ നിലനിർത്താനാണ് പാർട്ടി ആലോചിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, അഡ്വ. എസ്.കെ. ബെൻ ഡാർവിൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ജെ.എസ്. ഷിജുഖാൻ, വി.കെ. മധു എന്നിവർ സാധ്യതാ പട്ടികയിലുണ്ട്.

പുതുമുഖങ്ങളും സാധ്യതാ മണ്ഡലങ്ങളും

  • വട്ടിയൂർക്കാവ്: ഇവിടെ കെ. മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ കഴക്കൂട്ടം ലക്ഷ്യമിട്ട് സിറ്റിംഗ് എംഎല്‍എ വി.കെ. പ്രശാന്ത്, വട്ടിയൂർക്കാവിൽ പകരക്കാരനായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്.
  • കഴക്കൂട്ടം: മന്ത്രി മുഹമ്മദ് റിയാസുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുള്ള കടകംപള്ളി സുരേന്ദ്രന് പകരം കഴക്കൂട്ടം സ്വദേശി കൂടിയായ വി.കെ. പ്രശാന്തിനെ മത്സരിപ്പിച്ചേക്കും.
  • നേമം: അനാരോഗ്യം അലട്ടുന്ന മന്ത്രി വി. ശിവൻകുട്ടിക്ക് പകരം, മേയർ ആര്യ രാജേന്ദ്രൻ നേമത്ത് മത്സരിക്കും. ഇതുമുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
  • നെയ്യാറ്റിൻകര: രണ്ട് തവണ വിജയിച്ച കെ. ആൻസലന് പകരം അഡ്വ. എസ്.കെ. ബെൻ ഡാർവിനാണ് സാധ്യത.
  • വർക്കല: ജില്ലാ സെക്രട്ടറി വി. ജോയിയുടെ സിറ്റിംഗ് സീറ്റായ വർക്കലയിൽ, മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ജെ.എസ്. ഷിജുഖാനെ പരിഗണിക്കുന്നു.
  • വാമനപുരം: ഡി.കെ. മുരളിക്ക് പകരം ജില്ലയിലെ മുതിർന്ന നേതാവായ വി.കെ. മധു സ്ഥാനാർത്ഥിയായേക്കും.

മറ്റ് മണ്ഡലങ്ങളിലെ സ്ഥിതി

കാട്ടാക്കടയിലെ ഐ.ബി. സതീഷ്, പാറശാലയിലെ സി.കെ. ഹരീന്ദ്രൻ എന്നിവർ രണ്ട് ടേം പൂർത്തിയാക്കിയവരാണ്. ഇവരെ മാറ്റണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ആന്റണി രാജു തുടരാനാണ് സാധ്യത.

സിപിഐയുടെ സിറ്റിംഗ് സീറ്റുകളായ ചിറയിൻകീഴിൽ വി. ശശിക്ക് പകരക്കാരൻ എത്തുമ്പോൾ, നെടുമങ്ങാട് മന്ത്രി ജി.ആർ. അനിൽ തന്നെ മത്സരിക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ പൂർണ്ണ ചുമതല മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി വി. ജോയിക്കായിരിക്കുമെന്നും സൂചനകളുണ്ട്.