
പാകിസ്ഥാനിലെ ബഹാവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസർ പറഞ്ഞതായി ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കെതിരെ നിരന്തരം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന കൊടും ഭീകരനാണ് മസൂദ് അസർ.
ചൊവ്വാഴ്ച പുലർച്ചെ 1.05 ന് ഇന്ത്യ, പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ജെയ്ഷ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തിയിരുന്നു. പഹൽഗാമിൽ പാക് പിന്തുണയുള്ള ഭീകരർ 26 പേരെ, കൂടുതലും വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് ഇന്ത്യയുടെ പ്രതികരണമായ ‘ഓപ്പറേഷൻ സിന്ദൂറി’ലെ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഒന്നായിരുന്നു ബഹാവൽപൂരിലെ സുബ്ഹാൻ അള്ളാ കോംപ്ലക്‌സിലെ ആക്രമണം.
മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, സഹോദരന്റെ മകനും ഭാര്യയും, മറ്റൊരു സഹോദരിയുടെ മകളും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ജെയ്ഷ് തലവന്റെ പ്രസ്താവന ഉദ്ധരിച്ച് ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു.
അസറിന്റെയും മാതാവിന്റെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമാണ് ബഹാവൽപൂർ. ഇത് ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സുബ്ഹാൻ അള്ളാ ക്യാമ്പിലെ പള്ളി ഇപ്പോൾ പൂർണ്ണമായും തകർന്ന നിലയിലാണ് എന്ന് ദൃശ്യങ്ങളിൽ കാണാം. സുബ്ഹാൻ അള്ളാ ക്യാമ്പിനുള്ളിലെ പള്ളിയുടെ അവശിഷ്ടങ്ങളിൽ വലിയ ഗർത്തങ്ങളും അവശിഷ്ടങ്ങളും മാത്രമാണ് അവശേഷിക്കുന്നത്.
18 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്യാമ്പ്, ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്നു. ഇത് ജെയ്ഷിന്റെ റിക്രൂട്ട്മെന്റ്, ധനസമാഹരണം, തീവ്രവാദ ആശയ പ്രചാരണം എന്നിവയുടെ കേന്ദ്രമാണ്.
ജെയ്ഷിന്റെ മറ്റൊരു ശക്തികേന്ദ്രമായ മുറിദ്കെയിലെ മസ്ജിദ് വാ മാർക്കസ് തായിബ എന്ന പള്ളിയും ആക്രമിക്കപ്പെട്ടു. ബഹാവൽപൂരിലും മുറിദ്കെയിലുമായി ഏകദേശം 30 ഭീകരർ വീതം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മറ്റ് സ്ഥലങ്ങളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അധികൃതർ സ്ഥിരീകരിച്ചു വരുന്നതേയുള്ളൂവെങ്കിലും, 70 നും 80 നും ഇടയിൽ ഭീകരരെ വധിച്ചതായാണ് വിവരം.