
മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു, പ്രസിഡൻറ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്
ന്യൂ ഡല്‍ഹി: ഇന്ത്യ വിരുദ്ധ നയങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ മാലദ്വീപ് മന്ത്രിമാർ രാജി വെച്ചു. പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശനത്തിന് തയ്യാറെടുക്കുന്നു എന്ന പ്രഖ്യാപനവും. വൈകാതെ തന്നെ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇരു രാജ്യങ്ങള്‍ക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വന്ന റിപ്പോർട്ട്. ചൊവാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗിക വിവരം പുറത്തുവന്നത്.
2023 നവംബറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളായി. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാരടക്കം ഇന്ത്യയെയും മോദിയെയും വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്ന് മാലദ്വീപ് സന്ദർശകരുടെ എണ്ണവും വൻ തോതിൽ കുറയുകയുണ്ടായി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ പരാമർശങ്ങള്‍ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രഖ്യാപനം വരുന്നത്. മുഹമ്മദ് മുയിസു എന്നത്തേക്ക് ഇന്ത്യയില്‍ എത്തുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.