NationalNews

‘രാക്ഷസൻ’ ചിത്രത്തിൻ്റെ നിര്‍മാതാവ് ദില്ലി ബാബു അന്തരിച്ചു

ചെന്നൈ: തമിഴിലെ പ്രമുഖ ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു (50) അന്തരിച്ചു. ഇന്ന് പുലർച്ചെ 12.30ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച്‌ നാളുകളായി അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദില്ലി ബാബുവിൻ്റെ അപ്രതീക്ഷിത വിയോഗം തമിഴ്‌ സിനിമാ മേഖലയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

രാവിലെ 10.30ഓടെ ദില്ലി ബാബുവിൻ്റെ ഭൗതിക ശരീരം ചെന്നൈ പെരുങ്ങലത്തൂരിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് നാലരയ്‌ക്കാണ് സംസ്‌കാരം. ദില്ലി ബാബുവിൻ്റെ വിയോഗത്തില്‍ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമാതാവ് എസ്‌ ആർ പ്രഭു സമൂഹമാദ്ധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. നിരവധി യുവാക്കള്‍ക്കും പുത്തൻ പ്രതിഭകളെയും ഒരുപാട് സഹായിച്ച വ്യക്തിയാണ് അദ്ദേഹം. സിനിമാ വ്യവസായത്തിന് തന്നെ വലിയ നഷ്‌ടമാണ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു’, എന്നാണ് പ്രഭു കുറിച്ചത്. നിർമാതാവ് ജി ധനഞ്ജയൻ ഉള്‍പ്പെടെ മറ്റ് പ്രമുഖരും അനുശോചനം അറിയിച്ചു.

ആക്‌സസ് ഫിലിം ഫാക്‌ടറി എന്ന ബാനറില്‍ നിരവധി മിഡ്‌ ബ‌ഡ്‌ജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ നിർമാതാവാണ് ദില്ലി ബാബു. 2015ല്‍ പുറത്തിറക്കിയ ഉറുമീസ് ആയിരുന്നു ആദ്യ ചിത്രം. മരദഗത നാണയം, ഇരവുക്ക് ആയിരം കണ്‍കള്‍, രാക്ഷസൻ, ഓ മൈ കടവുളെ, ബാച്ച്‌ലർ, മിറല്‍, കള്‍വൻ തുടങ്ങിയ ചിത്രങ്ങള്‍ നിർമിച്ചു. കഴിഞ്ഞ മാസമാണ് കള്‍വൻ റിലീസായത്. മിഡ് ബഡ്‌ജറ്റ് ചിത്രങ്ങളിലൂടെ നിരവധി പുതുമുഖ സംവിധായകന്മാർക്ക് അദ്ദേഹം അവസരം നല്‍കി. 2018ല്‍ പുറത്തിറങ്ങിയ രാക്ഷസൻ ആ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. വിവിധ ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *