
കേരള ലോട്ടറിക്ക് 7 ലക്ഷത്തിന്റെ പുത്തൻ വെബ്സൈറ്റ്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകി.
നിലവിലെ വെബ്സൈറ്റിന്റെ പോരായ്മകൾ പരിഹരിച്ച്, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 7.11 ലക്ഷം രൂപയുടെ പദ്ധതിക്ക് നികുതി വകുപ്പ് അനുമതി നൽകിയത്.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് സർക്കാർ തീരുമാനം. നിലവിലുള്ള വെബ്സൈറ്റിന് നിരവധി പരിമിതികളുണ്ടെന്നും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO), സോഷ്യൽ മീഡിയ ഇന്റഗ്രേഷൻ, ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് തത്സമയം മറുപടി നൽകാൻ സഹായിക്കുന്ന ചാറ്റ്ബോട്ടുകൾ, നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് സേവനങ്ങൾ എന്നിവ പുതിയ വെബ്സൈറ്റിന്റെ പ്രത്യേകതകളായിരിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി തിരഞ്ഞെടുത്ത ‘എസ്ആർവി ഐടി ഹബ് പ്രൈവറ്റ് ലിമിറ്റഡ്’ (SRV IT hub PVT LTD) എന്ന സ്ഥാപനത്തിനാണ് വെബ്സൈറ്റ് നിർമ്മാണത്തിനുള്ള കരാർ. ചരക്ക് സേവന നികുതി (ജിഎസ്ടി) ഉൾപ്പെടെ 7,11,500 രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഈ തുക ഇൻഫർമേഷൻ ടെക്നോളജിയിനത്തിൽ വകയിരുത്താനും സർക്കാർ ഉത്തരവിൽ പറയുന്നു.
നിലവിലുള്ള സർക്കാർ ഉത്തരവുകളും മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് ഏജൻസിയെ കണ്ടെത്തി പ്രവർത്തി പൂർത്തിയാക്കണമെന്ന കർശന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
പുതിയ വെബ്സൈറ്റ് വരുന്നതോടെ ഭാഗ്യക്കുറി ഫലങ്ങൾ അറിയുന്നതിനും മറ്റ് വിവരങ്ങൾക്കുമായി വകുപ്പിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇത് വലിയ സഹായകരമാകും.