
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് നിര്‍ണായക വിജയം. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ഇതോടെ സീസണിലെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ചെന്നൈയിന്റെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ വിജയമാണ് ഇന്ന് പിറന്നത്.
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ജീസസ് ജിമിനസ്, കോറോ സിങ്, ക്വാമെ പെപ്ര എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം വിന്‍സി ബാരറ്റോ ചെന്നൈയിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.
മത്സരത്തില്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കുകയും നാല് സുവര്‍ണാവസരങ്ങള്‍ ഒരുക്കുകയും ചെയ്ത് കളം നിറഞ്ഞുകളിച്ച അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.
ജയത്തോടെ 19 കളികളില്‍ 24 പോയന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 19 മത്സരങ്ങളില്‍ 18 പോയന്‍റുള്ള ചെന്നൈയിന്‍ എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.