
കഴിഞ്ഞ രാത്രി ഇന്ത്യയിലേക്ക് നീങ്ങിയ പാകിസ്താൻ ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യൻ വ്യോമസേനയുടെ എസ്-400 സുദർശൻ ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു.
റഷ്യയുടെ അത്യാധുനിക എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് 600 കിലോമീറ്റർ വരെ അകലെയുള്ള ആകാശ ഭീഷണികളെ കണ്ടെത്താനും പോർവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തടയാനും കഴിയും.
“പാകിസ്താനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ടു. പാകിസ്താന്റെ അതേ രീതിയിലും തീവ്രതയിലുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായി വിശ്വസനീയമായ വിവരങ്ങളുണ്ട്,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

മെയ് 7-8 രാത്രിയിൽ പാകിസ്താൻ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ 15 സൈനിക ലക്ഷ്യങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളായിരുന്നു ലക്ഷ്യങ്ങൾ. സംയോജിത കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഈ ലക്ഷ്യങ്ങളെ നിർവീര്യമാക്കി. പാകിസ്താന്റെ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
തിരിച്ചടി നല്‍കിയ ഇന്ത്യ, ലാഹോറിലെ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യൻ സായുധ സേന നിർവീര്യമാക്കി. ഇസ്രായേൽ നിർമ്മിത ഹാരോപ് ഡ്രോണുകൾ ചൈന വികസിപ്പിച്ച പാകിസ്താന്റെ HQ-9 മിസൈൽ പ്രതിരോധ സംവിധാന യൂനിറ്റുകളെ ആക്രമിച്ചതായി സൂചനകളുണ്ട്.
മറുവശത്ത്, ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെൻധാർ, രജൗരി തുടങ്ങിയ നിയന്ത്രണ രേഖയിലെ (എൽഒസി) മേഖലകളിൽ പാകിസ്താൻ ഷെല്ലാക്രമണവും പ്രകോപനമില്ലാത്ത വെടിവയ്പ്പും ശക്തമാക്കി. പാകിസ്താന്റെ വെടിവയ്പ്പിൽ ഇതുവരെ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 16 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബുധനാഴ്ച, ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തിയിരുന്നു.