IndiaNews

35 കോടിയുടെ ചൈനീസ് പടക്കങ്ങള്‍ പിടിച്ചെടുത്തു! ഏഴു കണ്ടെയ്‌നറുകളിൽ കള്ളക്കടത്ത് ശ്രമം

ഓപ്പറേഷൻ ഫയർ ട്രെയിൽ: ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 35 കോടി രൂപ വിലമതിക്കുന്ന ചൈനീസ് പടക്കങ്ങൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ‘ഓപ്പറേഷൻ ഫയർ ട്രെയിൽ’ എന്ന് പേരിട്ട അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഡിആർഐ ഈ വൻ കള്ളക്കടത്ത് ശ്രമം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തു.

നവ ഷേവ, മുന്ദ്ര, കണ്ട്‌ല പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നീ തുറമുഖങ്ങളിൽ എത്തിയ ഏഴ് കണ്ടെയ്‌നറുകളിൽ നിന്നാണ് 100 മെട്രിക് ടൺ ഭാരമുള്ള ചൈനീസ് പടക്കങ്ങൾ പിടിച്ചെടുത്തത്. അലങ്കാരച്ചെടികൾ (Mini Decorative Plants), കൃത്രിമ പൂക്കൾ (Artificial Flowers), പ്ലാസ്റ്റിക് മാറ്റുകൾ (Plastic Mats) തുടങ്ങിയ സാധനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചത്.

കണ്ട്‌ല പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു യൂണിറ്റിന്റെ പേരിലാണ് പടക്കങ്ങൾ ഇറക്കുമതി ചെയ്തത്. ഇവിടെ നിന്ന് പിന്നീട് ആഭ്യന്തര വിപണിയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രത്യേക സാമ്പത്തിക മേഖലയിലെ യൂണിറ്റിന്റെ പങ്കാളിയായ പ്രധാന വ്യക്തിയെ ഡിആർഐ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അപകടകരമായ രാസവസ്തുക്കൾ; കർശന നിയന്ത്രണം ഇന്ത്യയുടെ വിദേശ വ്യാപാര നയം അനുസരിച്ച് പടക്കങ്ങളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണമുണ്ട്. ഇതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) എന്നിവയുടെ പ്രത്യേക ലൈസൻസ് ആവശ്യമാണ്. ചൈനീസ് പടക്കങ്ങളിൽ റെഡ് ലെഡ്, കോപ്പർ ഓക്സൈഡ്, ലിഥിയം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായതും നിരോധിക്കപ്പെട്ടതുമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

അതിവേഗം തീപിടിക്കുന്ന സ്വഭാവമുള്ളതിനാൽ, ഇത്തരം പടക്കങ്ങൾ പൊതുജനങ്ങൾക്കും തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഈ കള്ളക്കടത്ത് തടഞ്ഞതിലൂടെ വൻ ദുരന്തമാണ് ഡിആർഐ ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും തുരങ്കം വെക്കുന്ന ഇത്തരം ശൃംഖലകളെ തകർക്കാൻ ഡിആർഐ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.