News

നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ തന്നെയും വിലക്കിയെന്ന് സംവിധായിക

കൊച്ചി: സിനിമയിൽ നിന്ന് തന്നെ വിലക്കിയെന്ന ആരോപണമുന്നയിച്ച് സംവിധായിക സൗമ്യ സദാനന്ദൻ. നടിക്ക് പണം വാഗ്ദാനം ചെയ്ത് വഴങ്ങാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത വിരോധത്തിൽ തന്നെയും സിനിമയിൽ നിന്ന് വിലക്കിയെന്നാണ് സൗമ്യ വെളിപ്പെടുത്തിയത്. ഹേമ കമ്മറ്റിക്ക് മുന്നിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സൗമ്യ ഫേസ്‍ബുക്കിലൂടെ വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിൻറെ സംവിധായികയാണ് സൗമ്യ.

സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും സൗമ്യ പറയുന്നു. തന്‍റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും ചേർന്ന് എഡിറ്റ് ചെയ്തതായും സൗമ്യ പറയുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രൊജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ പോസ്റ്റിൽ പറയുന്നു. പുതിയ പ്രൊജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു.

താൻ അടുത്ത അഞ്ജലി മേനോൻ ആകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ പരാമർശമുണ്ടായതായും സൗമ്യ പറയുന്നു. വർഷങ്ങൾക്ക് ശേഷം തന്‍റെ പുഞ്ചിരി തിരികെ തന്നതിന് ജസ്റ്റിസ് ഹേമക്ക് നന്ദി എന്നും സൗമ്യ കുറിക്കുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പിൽ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *