
ലഹരി ഉപയോഗം വർദ്ധിക്കുന്നില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
സംസ്ഥാനത്ത് മുതിർന്നവരിലും കുട്ടികളിലും ലഹരി ഉപയോഗം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യം നിലവിലില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എന്നിരുന്നാലും സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വിപണനം, ഉപഭോഗം എന്നിവ തടയുന്നതിന് റെയ്ഡുകൾ ഉൾപ്പടെയുള്ള ശക്തമായ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ എക്‌സൈസ് വകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേരളത്തിൽ എക്‌സൈസ് എൻഫോഴ്‌സമെന്റ് സ്‌ക്വാഡ് മാത്രം ആയിരത്തിലേറെ എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന കണക്കും ഇതേ മറുപടിയിൽ തന്നെ മന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്. മാണി സി കാപ്പൻ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
അതേസമയം, കേരളത്തിൽ ലഹരി ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെയും രാസലഹരിയുൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ പിടിക്കപ്പെടുന്നതിന്റെയും വാർത്തകൾ കൂടി വരുന്നതിനിടെയാണ് എക്‌സൈസ് മന്ത്രിയുടെ ഇത്തരമൊരു മറുപടി. ഇതിനെതിരെ വിമർശനം ശക്തമാകുകയാണ്.

സംസ്ഥാനത്ത് സ്‌കൂൾ കുട്ടികൾ വിദ്യാർത്ഥിനികൾ എന്നിവർ 154 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എം.ബി. രാജേഷ് തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് 2024 ഒക്ടോബറിൽ സ്‌കൂൾകുട്ടികളിൽ മദ്യംഒഴികെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി ഇതേ എക്‌സൈസ് മന്ത്രി തന്നെ നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഇത്രയൊക്കെ കണക്കുകൾ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടാണ് കേരളത്തിൽ ദിനംപ്രതി ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യമില്ലെന്ന് പറയുന്നത്.
എറണാകുളം ചേരനല്ലൂരിൽ ലഹരിക്ക് അടിമയായ യുവാവ് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയത് കഴിഞ്ഞമാസമായിരുന്നു. ദന്തഡോക്ടർ രാസലഹരിയുമായി പിടിയിലായത് കഴിഞ്ഞദിവസമായിരുന്നു. ഇങ്ങനെ ദിനംപ്രതി ലഹരിക്കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളത്തിലെ ലഹരി ഉപയോഗം കൂടുന്നില്ലെന്നത് വസ്തുതകൾക്ക് നിരക്കാത്ത ഉത്തരമാണെന്ന വിമർശനമാണ് ഉയരുന്നത്.