CricketSports

പാകിസ്ഥാന് കോടികളുടെ ബാധ്യത! ചാമ്പ്യൻസ് ട്രോഫി നടത്തി കുത്തുപാളയെടുത്ത് പിസിബി

മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) കോടിക്കണക്കിന് രൂപയുടെ ബാധ്യതയെന്ന് റിപ്പോർട്ടുകൾ. ഏകദേശം 869 കോടി രൂപയുടെ നഷ്ടമാണ് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബിക്ക് സംഭവിച്ചതെന്നാണ് അന്താരാഷ്ട്ര സ്‌പോർട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പിസിബി കടന്നേക്കുമെന്നും വിവരമുണ്ട്.

കാത്തിരുന്ന് ലഭിച്ച ഐസിസി ടൂർണമെന്റ് ആതിഥേയത്വം പിസിബിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിനെക്കുറിച്ച് ‘ടെലഗ്രാഫ് ഇന്ത്യ’യാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് അനുസരിച്ച്, ചാമ്പ്യൻസ് ട്രോഫിക്കായി റാവൽപിണ്ടി, ലാഹോർ, കറാച്ചി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾ നവീകരിക്കാൻ പിസിബി ഏകദേശം 58 മില്യൺ യുഎസ് ഡോളറാണ് ചെലവഴിച്ചത്. ഇത് നിശ്ചയിച്ചിരുന്ന ബജറ്റിനേക്കാൾ 50 ശതമാനം കൂടുതലാണ്. ടൂർണമെന്റിന്റെ നടത്തിപ്പിനായി പാകിസ്ഥാൻ ബോർഡ് 40 മില്യൺ യുഎസ് ഡോളർ കൂടി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എങ്കിലും, ഈ ടൂർണമെന്റിൽ നിന്ന് പാകിസ്ഥാന് ലഭിച്ച വരുമാനം വളരെ കുറവാണ്. ആതിഥേയ രാജ്യത്തിനുള്ള ഫീസായി പിസിബിക്ക് ലഭിച്ചത് വെറും 6 മില്യൺ യുഎസ് ഡോളർ മാത്രമാണ്. പാകിസ്ഥാൻ ടീമിന് സ്വന്തം നാട്ടിൽ കളിക്കാൻ സാധിച്ചത് ഒരേയൊരു മത്സരം മാത്രമായതിനാൽ ടിക്കറ്റ് വിൽപ്പനയിലൂടെയുള്ള വരുമാനവും സ്‌പോൺസർഷിപ്പിൽ നിന്നുള്ള വരുമാനവും ഗണ്യമായി കുറഞ്ഞു. ഇതിന്റെയെല്ലാം ഫലമായി ഏകദേശം 85 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 700 കോടി രൂപ) ബാധ്യതയാണ് ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനം സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങും മുൻപേയാണ് ടൂർണമെന്റ് വരുത്തിവെച്ച വലിയ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്. ഇന്ത്യ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട ഗ്രൂപ്പിൽ കളിച്ച പാകിസ്ഥാന് ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞില്ല. ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിലും ചിരവൈരികളായ ഇന്ത്യക്കെതിരായ മത്സരത്തിലും ദയനീയമായി പരാജയപ്പെട്ടപ്പോൾ, ആശ്വാസ വിജയം പ്രതീക്ഷിച്ച ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നതും തിരിച്ചടിയായി.

മൂന്ന് പതിറ്റാണ്ടിന് ശേഷം ആതിഥ്യം വഹിച്ച ടൂർണമെന്റിൽ പാകിസ്ഥാൻ ടീമിന് സ്വന്തം ഗ്രൗണ്ടിൽ കളിക്കാൻ സാധിച്ചത് ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരം മാത്രമാണ്. ടൂർണമെന്റിനായി പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനാൽ ഇന്ത്യക്കെതിരായ മത്സരം നിഷ്പക്ഷ വേദിയായ ദുബായിൽ വെച്ചാണ് നടന്നത്. മൂന്നാം മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ സ്വന്തം ടീമിന് ഒരൊറ്റ മത്സരം മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ എന്നത് സാമ്പത്തിക ബാധ്യതയ്ക്ക് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.