International

അതിര്‍ത്തി തർക്കത്തിൽ ധാരണയായി; ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കും

വർഷങ്ങളായി ചൈനയുമായി തുടരുന്ന അതിർത്തി തർക്കത്തിൽ ധാരണയിലെത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അറിയിച്ചു. പട്രോളിങ് അടക്കമുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഒത്തുതീർപ്പിൽ എത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കുമെന്നും ചർച്ചയിൽ തീരുമാനമായി.

ഒത്തുതീർപ്പ് പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണം. മേഖലയിൽ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി മിസ്രി വ്യക്തമാക്കി.അതിർത്തിയില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കും. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ധാരണയിലെത്തിയത്.

തീർപ്പായത് 4 വർഷത്തെ തർക്കം

2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള തർക്കമാണ് ഇന്ത്യയും ചൈനയും പരിഹരിച്ചത്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചർച്ച നടത്തിവരികയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2020 ജൂണിൽ ലഡാക്കിലെ ​ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചിരുന്നു. നിരവധി ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായി. ഈ വിഷയത്തിലാണ് ഇന്ത്യയും ചൈനയും ഇപ്പോൾ ധാരണയിൽ എത്തിയിട്ടുള്ളത്.

‘ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് ഖസാനിൽ ഉച്ചകോടി നടക്കുന്നത്. 16-ാം ബ്രിക്സ് ഉച്ചകോടി റഷ്യയിലെ കസാനിൽ ചൊവ്വാഴ്ച ആരംഭിക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *