CrimeNews

കൊച്ചിയില്‍ കൊടുംഗുണ്ടയെ വെട്ടിക്കൊന്നു; വിനു വിക്രമനെ കൊന്നത് ഗില്ലപ്പി ബിനോയിയുടെ കൊലപാതകത്തിന്റെ പ്രതികാരമെന്ന് സംശയം!

എറണാകുളം നെടുമ്പാശ്ശേരിക്കടുത്ത് കുറുമശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. . സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

ദേശീയപാതയില്‍ കുറുമശേരി പ്രിയ ക്ലിനിക്കിന് മുന്‍പില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ‘അത്താണി ബോയ്‌സ്’ എന്ന കുപ്രസിദ്ധ ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് വിനു ആയിരുന്നു. 2019ല്‍ ഈ ഗുണ്ടാസംഘം രൂപീകരിച്ച ഗില്ലപ്പി ബിനോയ് എന്ന ഗുണ്ടയെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയാണ് വിനു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് സൂചന.

ചൊവ്വാഴ്ച തിരുക്കൊച്ചിയിലെ ബാറില്‍വെച്ചു വിനു വിക്രമന്‍ മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വിനുവിനെ ഒരാള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഇയാളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി വിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേഹമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

വിനു വിക്രമൻ കൊല്ലപ്പെട്ട സ്ഥലം

വിനുവിനെ ബാറില്‍ നിന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യംചെയ്താല്‍ മാത്രമേ കൃത്യത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവരൂ എന്നാണ് പോലീസ് അറിയിക്കുന്നത്.

2019 നവംബര്‍ 17നാണ് വിനു ഉള്‍പ്പെട്ട മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ തുരുത്തിശേരി സ്വദേശി ഗില്ലപ്പി ബിനോയ് കൊല്ലപ്പെട്ടത്. അത്താണിയിലെ ബാറില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കാറില്‍ എത്തിയ മൂന്നംഗ സംഘം ബിനോയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അത്താണി ബോയ്‌സിന്റെ മുന്‍ തലവനായിരുന്നു ബിനോയ്. പിന്നീട് സംഘം രണ്ടായി പിളരുകയായിരുന്നു.

പിന്നീട് വിനു ആണ് അത്താണി ബോയ്‌സിന് നേതൃത്വം നല്‍കിയിരുന്നത്. കൊലക്കേസില്‍ ജയിലില്‍ പോയ വിനു തിരിച്ചിറങ്ങി ബാറുകളിലും ക്വാറികളിലും വ്യാപാര സ്ഥാപനങ്ങളിലും പണപ്പിരിവ് നടത്തിയിരുന്നു. 2022 ല്‍ ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. മയക്കുമരുന്ന് മാഫിയയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് അറിയുന്നത്. വിനുവിന്റെ ബന്ധുവിനെ ബിനോയിയുടെ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതാണ് ബിനോയിയുടെ കൊലപാതകത്തിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *