News

കൊലയാളികള്‍ക്ക് ജയിലില്‍ സിപിഎം സ്വീകരണം

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ വമ്പൻ സ്വീകരണം ഒരുക്കി സിപിഎം നേതാക്കളും പ്രവർത്തകരും. കൊലക്കേസിലെ മുഴുവൻ പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ സ്വീകരണം.

പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെ അഭിവാദ്യം ചെയ്തു. ജയിൽ ഉപദേശക സമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയത് എന്നാണ് ജയരാജന്റെ ന്യായീകരണം. ‘കേരളം- മുസ്‌ളീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ളാം’ എന്ന സ്വന്തം പുസ്തകവും ജയരാജൻ പ്രതികൾക്ക് സമ്മാനിച്ചു.

‘തടവറകൾ കമ്മ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്. തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടന്നും പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഒട്ടേറെ അക്രമസംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന പതിവ് പല്ലവിയും ജയരാജൻ ആവർത്തിച്ചു.

പി ജയരാജന്റെ സാന്നിദ്ധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികളെ അഭിവാദ്യം ചെയ്തത്. ഇന്ന് വൈകിട്ടോടെയാണ് പെരിയ കേസിലെ ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയും കണ്ണൂരിലെത്തിച്ചത്. വിയ്യൂരിൽനിന്ന് പീതാംബരൻ ഉൾപ്പെടെ ഒൻപത് പേരെ എത്തിച്ച് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് കാക്കനാട് ജയിലിൽനിന്ന് ബാക്കിയുള്ള പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *