
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യാസിലാന്റ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. ഒരു കളിയും തോല്‍ക്കാതെ, ഫൈനലും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടി. ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.
അർധ സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമയുടെ (72) ഇന്നിങ്‌സാണ് ഇന്ത്യക്ക് ബലമായത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അപൂർവ്വ നിമിഷം. സ്കോർ- ന്യൂസീലാന്റ്: 251-7. ഇന്ത്യ: 254-6.
മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത് 76 റൺസ് അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. രചിൻ രവീന്ദ്രയുടെ ഓവറിൽ ക്രീസിൽനിന്ന് കയറിക്കളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പർ ടോം ലാഥമിന്റെ കൈയിലെത്തുകയും സ്റ്റമ്പ് ചെയ്യപ്പെടുകയുമായിരുന്നു.
രോഹിത്തിനൊപ്പം ഓപണിംഗ് കൂട്ടുകെട്ടിൽ മികച്ച പിന്തുണ നൽകിയ ശുഭ്മാൻ ഗിൽ 19-ാം ഓവറിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് തകർപ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു.
50 പന്തു നേരിട്ട ഗിൽ ഒരു സിക്സ് സഹിതം 31 റൺസ് നേടി. വൺഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകൾ മാത്രമേ നേരിടാനായുള്ളൂ. സാന്റ്നറുടെ പന്തിൽ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേൽ ബ്രേസ്വെലിന്റെ ഓവറിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. റിവ്യൂ നൽകിയെങ്കിലും ബാറ്റിൽ എഡ്ജ് കണ്ടെത്താനായില്ല.
പിന്നാലെ രണ്ട് ഫോറും രണ്ട് സിക്‌സറും പറത്തി 48 രൺസെടുത്തുനിന്ന ഷ്രേയസ് ഐയ്യർ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ മ്ലാനത പടർത്തി. അക്‌സർ പട്ടേൽ 40 ബോളിൽ നിന്ന് 29 റൺസെടുത്ത് പുറത്തായി. ഒരു സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു അക്‌സറിന്റെ ബാറ്റിംഗ്.
ഹാർദിക് പാണ്ഡ്യ തകർപ്പൻ സിക്സറും ഫോറും സഹിതം വിജയം വേഗത്തിലാക്കുമെന്ന് കരുതിയെങ്കിലും സ്കോർ 241ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈൽ ജെയ്മിസന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസീലാന്റിനെ ചെറിയ സ്‌കോറിൽ പിടിച്ചുകെട്ടാൻ ഇന്ത്യൻ സ്പിന്നർമാർക്ക് കഴിഞ്ഞു. നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് ന്യൂസീലാന്റിന്റെ സമ്പാദ്യം. കിവികൾക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യൻ സ്പിന്നർമാർ രംഗത്തിറങ്ങിയതോടെ അവരുടെ താളം തെറ്റുകയായിരുന്നു. പന്തെറിയാനെത്തിയതോടെ കഥ മാറി. വിക്കറ്റുകൾ വീണുതുടങ്ങിയതോടെ സ്‌കോർ വേഗം മന്ദഗതിയിലായി. ഇന്ത്യ പിഴുത ഏഴു വിക്കറ്റുകളിൽ അഞ്ചും സ്പിന്നർമാർ വകയാണ്. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കും ഒന്ന് റണ്ണൗട്ടും.
ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ന്യൂസീലൻഡിന്റെ അഞ്ചുവിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തി ഇന്നും നിർണായകമായ രണ്ട് വിക്കറ്റുകൾ നേടി ന്യൂസീലൻഡിന്റെ ആത്മവിശ്വാസം കെടുത്തി. കുൽദീപ് യാദവിനും രണ്ടുവിക്കറ്റുണ്ട്. രവീന്ദ്ര ജഡേജയ്ക്കും ഷമിക്കും ഓരോ വിക്കറ്റ്. അങ്ങേയറ്റം ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ച ഡറിൽ മിച്ചലാണ് (63) ന്യൂസീലൻഡ് നിരയിലെ ടോപ് സ്‌കോറർ. മിച്ചൽ ബ്രേസ്വെൽ (40 പന്തിൽ 53*) അർധ സെഞ്ചുറി നേടി പുറത്താവാതെ നിന്നു.