News

വീണ ജോർജിന്റെ ‘പൂജ്യം’ പൊള്ള കണക്കുകളെ പൊളിച്ച് ശബരീനാഥൻ; വ്യാജ ക്യാപ്‌സൂളുകൾക്ക് പകരം ആശുപത്രികളിൽ മരുന്നെത്തിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പ്രവർത്തനം സംബന്ധിച്ചുള്ള രാഷ്ട്രീയ വാക്പോര് സമൂഹമാധ്യമങ്ങളിൽ കനക്കുന്നു. ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്, കണക്കുകൾ നിരത്തിത്തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണക്കുറിപ്പ്.

മന്ത്രിയുടെ വാദങ്ങൾ

യുഡിഎഫ് കാലത്തെ പൂജ്യങ്ങളിൽ നിന്നും എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ആരോഗ്യ മേഖലയെ എങ്ങനെ മികച്ചതാക്കി എന്ന് വിശദീകരിക്കുന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. മാതൃ-ശിശു മരണനിരക്കുകളിലെ കുറവ്, സൗജന്യ ചികിത്സാ പദ്ധതിക്കായി ചെലവഴിക്കുന്ന തുകയിലെ വൻ വർധനവ്, ജില്ലാ ആശുപത്രികളിലെ കാത്ത് ലാബുകൾ, ഡയാലിസിസ് കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ എണ്ണത്തിലെ വർധനവ് എന്നിവ മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് കാലത്ത് ഇവയിൽ പലതും ‘പൂജ്യം’ ആയിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

ശബരീനാഥന്റെ മറുപടി

മന്ത്രിയുടെ പോസ്റ്റിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നു എന്ന മുഖവുരയോടെയാണ് ശബരീനാഥൻ മറുപടി നൽകിയത്. അദ്ദേഹത്തിന്റെ പ്രധാന വാദങ്ങൾ ഇവയാണ്:

  • മരണനിരക്കുകൾ: കേരളത്തിന്റെ മാതൃ-ശിശു മരണനിരക്കുകൾ പതിറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമാണ്. ഇത് വീണാ ജോർജ്ജ് മന്ത്രിയായപ്പോൾ തുടങ്ങിയ നേട്ടമല്ല. ഇതിന്റെ യഥാർത്ഥ ക്രെഡിറ്റ് ആശാ വർക്കർമാർക്കാണ്.
  • ‘പൂജ്യം’ എന്ന കള്ളക്കണക്ക്: യുഡിഎഫ് കാലത്തുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പേരുമാറ്റി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയാണ് എൽഡിഎഫ് ഈ നേട്ടം അവകാശപ്പെടുന്നത്. അതുകൊണ്ടാണ് യുഡിഎഫിന്റെ കണക്ക് പൂജ്യമായത്.
  • കുടിശ്ശികയുടെ കണക്ക്: നിയമസഭാ രേഖകൾ പ്രകാരം, കാസ്പ് പദ്ധതിയിൽ സർക്കാർ ആശുപത്രികൾക്ക് 1203 കോടി രൂപയും, മരുന്ന് കമ്പനികൾക്ക് 693 കോടി രൂപയും സർക്കാർ കുടിശ്ശിക നൽകാനുണ്ട്. ഈ തുക നൽകാത്തതാണ് ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിനും ചികിത്സാ പ്രതിസന്ധിക്കും യഥാർത്ഥ കാരണം.
  • ചികിത്സാ ചെലവ്: നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് (NHA) ഡാറ്റ പ്രകാരം, സ്വന്തം കീശയിൽ നിന്ന് ചികിത്സയ്ക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നവരുടെ കണക്കെടുത്താൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമാണ്. സർക്കാർ ആശുപത്രികളിൽ സൗകര്യം കുറയുമ്പോൾ സാധാരണക്കാർ കടം വാങ്ങി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതാണ് ഇതിന് കാരണമെന്ന് ശബരീനാഥൻ ആരോപിക്കുന്നു.
  • അട്ടിമറിച്ച പദ്ധതികൾ: ഉമ്മൻ ചാണ്ടി സർക്കാർ തിരുവനന്തപുരത്തിന് അനുവദിച്ച രണ്ടാമത്തെ മെഡിക്കൽ കോളേജ് പദ്ധതി എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നും ശബരീനാഥൻ കുറ്റപ്പെടുത്തി.

ആളുകൾക്ക് ദഹിക്കാത്ത വ്യാജ ക്യാപ്സൂളുകൾ നൽകുന്നതിന് പകരം ആശുപത്രികളിൽ യഥാസമയം മരുന്നും ക്യാപ്സൂളും എത്തിക്കണമെന്നുള്ള രൂക്ഷമായ പരിഹാസത്തോടെയാണ് ശബരീനാഥൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.