Kerala Government NewsNews

ഡൽഹി കേരള ഭവൻ നിർമ്മാണം: നോമിനേഷൻ റദ്ദാക്കി, ഇനി ടെൻഡർ വിളിക്കും; സർക്കാർ മുൻ ഉത്തരവ് തിരുത്തി

തിരുവനന്തപുരം: ന്യൂഡൽഹിയിൽ പുതിയ കേരള ഭവൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ, നിർമ്മാണ മേൽനോട്ടത്തിനുള്ള കൺസൾട്ടന്റിനെ (PMC) നിയമിക്കുന്നതിൽ സർക്കാർ മുൻ തീരുമാനം തിരുത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ (NBCC) നോമിനേഷൻ വഴി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സർക്കാർ, പകരം ടെൻഡർ വിളിച്ച് കൺസൾട്ടന്റിനെ കണ്ടെത്താൻ തീരുമാനിച്ചു.

നിർമ്മാണം കപൂർത്തല പ്ലോട്ടിൽ

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പ്രധാന ആസ്തികളാണുള്ളത്: ജന്തർമന്തർ റോഡിലെ നിലവിലെ കേരളാ ഹൗസ്, കസ്തൂർബ ഗാന്ധി മാർഗിലെ ട്രാവൻകൂർ ഹൗസ്, കോപ്പർനിക്കസ് മാർഗിലെ കപൂർത്തല പ്ലോട്ട്. ഇതിൽ 16,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കപൂർത്തല പ്ലോട്ടിലാണ് പുതിയ കേരള ഭവൻ നിർമ്മിക്കുന്നത്. 54 പഴയ മിലിറ്ററി ബാരക്കുകൾ സ്ഥിതി ചെയ്യുന്ന ഇവിടം നിലവിൽ സർക്കാർ ജീവനക്കാരുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് ആയാണ് പ്രവർത്തിക്കുന്നത്.

ഇവിടെയുള്ള ജീവനക്കാരെ മാറ്റിപ്പാർപ്പിച്ച ശേഷമാകും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുക.

തീരുമാനം മാറ്റിയത് എന്തിന്?

നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് നോമിനേഷൻ വഴിയുള്ള നിയമനം എന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മുൻ ഉത്തരവ് റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം, ഡൽഹിയിൽ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി മുൻപരിചയമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലിമിറ്റഡ് ടെൻഡർ വിളിച്ച് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടപടികൾക്ക് പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ചീഫ് എഞ്ചിനീയർ നേതൃത്വം നൽകും.

ടെൻഡറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിനായിരിക്കും ആർക്കിടെക്ചറൽ കൺസൾട്ടന്റിനെ നിയമിക്കൽ, വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കൽ, നിയമപരമായ അനുമതികൾ നേടൽ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കൽ എന്നിവയുടെ മേൽനോട്ട ചുമതല.

ഹൈദരാബാദിലും ഒരു കേരള ഹൗസ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.